നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സര്‍ക്കാറിനെതിരെ നാളെ പഞ്ചായത്ത്,മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ്.കാലിക്കലവുമേന്തി പ്രകടനമായാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധം വിജയിപ്പിക്കാന്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
സംസ്ഥാനത്ത് അടുക്കള ലോക്ഡൗണ്‍
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റുകളില്‍ തുടര്‍ച്ചയായും ‘അഞ്ചുവര്‍ഷം വിലക്കയറ്റമില്ല’ എന്നു പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ കേരളം നട്ടംതിരിയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു അഞ്ചുവര്‍ഷം വില കൂടില്ല എന്നത്. 2019ലെ സംസ്ഥാന ബജറ്റില്‍ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ ജനത്തെ മറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാവുകയാണ് ഇപ്പോഴത്തെ വിലനിലവാരം. വിലക്കയറ്റത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
സംസ്ഥാന ചരിത്രത്തിലാദ്യമായി എല്ലാ സാധനങ്ങള്‍ക്കും വില കൂടിയതോടെ സര്‍ക്കാരിനെതിരായ ജനവികാരവും ശക്തമായി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ അധികാരത്തിലെത്തുന്നിത് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ലെങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് ഇത്രത്തോളം താളം തെറ്റുന്ന സ്ഥിതി മുന്‍പുണ്ടായിട്ടില്ല.
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതൊന്നുമറിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭക്ഷ്യവകുപ്പും മന്ത്രി ജി.ആര്‍ അനിലും ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഉണ്ടാകുന്നില്ല. പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച വലിയ തോതിലുള്ള വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ് കേരളം. ജി.എസ്.ടി സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ ആര്‍ജ്ജവത്തോടെ വാദിച്ചത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. ജി.എസ്.ടി കേരളത്തിന്റെ ഭാവിക്ക് ഗുണകരമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ ഇന്ന് കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.