സംസ്ഥാനത്ത് പുതുവര്‍ഷം വിലക്കയറ്റത്തിന്റേത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയാണ്. അരി, വെളിച്ചെണ്ണ, തേങ്ങ, മത്സ്യം, മാംസം എന്നിവക്കെല്ലാം വിപണിയില്‍ വന്‍ വിലക്കയറ്റമായതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റി. അരിക്ക് ബജറ്റിന് മുന്നോടിയായി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മട്ട അരിയുടെ വില അന്‍പതു കടന്നു. ഒരാഴ്ചക്കുള്ളില്‍ കിലോക്ക് നാലുരൂപയുടെ വര്‍ധനയാണുണ്ടായത്. മേല്‍ത്തരം മട്ട അരിക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനും നീക്കമുണ്ട്. പൂഴ്ത്തിവെപ്പ് വ്യാപകമായതിനാല്‍ ബ്രാന്‍ഡഡ് അരികള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. മേല്‍ത്തരം മട്ട അരിക്ക് കഴിഞ്ഞയാഴ്ച 46 രൂപയായിരുന്നു. ആഴ്ച അവസാനം രണ്ടുരൂപ കൂടി. പിന്നാലെ തിങ്കളാഴ്ച വീണ്ടും രണ്ടു രൂപ കൂട്ടി അന്‍പതിലെത്തിക്കുകയായിരുന്നു. കുറഞ്ഞ കുത്തരി വിലയും വര്‍ധിച്ചിട്ടുണ്ട്. പച്ചരി, ജയ അരി വില മാത്രമാണ് ആശ്വാസമായുള്ളത്. നെല്ല് കിട്ടാനില്ലെന്ന വാദം നിരത്തിയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞു കര്‍ഷകര്‍ സര്‍ക്കാറിനും സ്വകാര്യ മില്ലുടമകള്‍ക്കും നെല്ല് നല്‍കിയിട്ടു ദിവസങ്ങളേയായിട്ടുള്ളൂ.
അരി വിലവര്‍ധനക്ക് പുറമെ, സംസ്ഥാനത്ത് വെളിച്ചെണ്ണവിലയും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയാണ്. ചില്ലറ വില്‍പനശാലകളില്‍ വെളിച്ചെണ്ണ വില കിലോക്ക് 240 രൂപയായി. ഒരാഴ്ചക്കിടയില്‍ മാത്രം 20 രൂപയാണ് വര്‍ധിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ് വെളിച്ചെണ്ണ വില. ഇതേ തുടര്‍ന്ന് വെളിച്ചെണ്ണ ഉപയോഗം പരമാവധി കുറക്കാന്‍ വീട്ടമ്മമാര്‍ നിര്‍ബന്ധിതരായി. പൊരിച്ചതും വറുത്തതുമായ വിഭവങ്ങള്‍ ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗം പരമാവധി കുറക്കാനാണ് ശ്രമം.
പച്ചത്തേങ്ങയുടെ വിലയും ഉയര്‍ന്നുനില്‍ക്കുകയാണ്. പച്ചത്തേങ്ങ വില കിലോക്ക് 57 രൂപയിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ മാത്രം 13 രൂപയാണ് വര്‍ധിച്ചത്. കര്‍ണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നാളികേര ഉല്‍പാദനം കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണമായി പറയുന്നത്. ഇതിന് പുറമെ ഫിലിപ്പെയ്ന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും തിരിച്ചടിയായി.
ക്രിസ്മസ്- പുതുവല്‍സരത്തോട് അനുബന്ധിച്ച് ഉയര്‍ന്ന മത്സ്യ- മാംസ വില കുറയാതെ തുടരുകയാണ്. കോഴിവില 110 രൂപയാണ്. മുന്‍പ് 100 രൂപയായിരുന്നു വില. ആട്ടിറച്ചി വില കിലോ 700 രൂപയില്‍ തുടരുകയാണ്. ബീഫിന് 320 രൂപയാണ് തിരുവനന്തപുരത്തെ വില. ഓഖിക്ക് ശേഷം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് കുറഞ്ഞതോടെ മത്സ്യലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിട്ടുണ്ട്.