മലപ്പുറം: മലയോര മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണ്ട നടപടി എടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. പ്രശ്‌ന പരിഹാരമായി വംശവര്‍ധനവ് തടയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യം കാട്ടിനുള്ളിലെ പച്ചപ്പുല്‍ നശിച്ച് പോകുന്നതായും ഇതിനാലാണ് വന്യജീവികള്‍ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നതെന്നും മന്ത്രി വിലയിരുത്തി.
വിഷയത്തില്‍ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചന നടത്തി നിയമപരമായി സുപ്രീം കോടതിയെ സമീപിക്കും. വിഷയവുമായി ബന്ധപ്പെട്ട് 2013ല്‍ ഒരു എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേരളമടക്കം 12 സംസ്ഥാനങ്ങള്‍ കക്ഷികളായ കേസില്‍ സ്‌റ്റേ നീക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്‌റ്റേ നീക്കുന്നതിനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും മന്ത്രി പറഞ്ഞു.