X

അമേരിക്കയുടെ സമ്മര്‍ദം; ഗസയിലെ ആയിരക്കണക്കിന് സൈനികരെ പിന്‍വലിച്ച് ഇസ്രാഈല്‍

അമേരിക്കന്‍ സമ്മര്‍ദത്തിന് പിന്നാലെ ഗസ്സയില്‍നിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രാഈല്‍ പന്‍വലിച്ചെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇസ്രാഈല്‍ ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചിട്ടും ട്രൂപ്പുകളെ പന്‍വലിക്കാന്‍ യുഎസ് നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഹമാസിനെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ സേനാ പിന്മാറ്റം മൂലമാകില്ല എന്നാണ് ഇസ്രാഈല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സംഘര്‍ഷം തുടരുന്ന ലബനന്‍ അതിര്‍ത്തി, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ കൂടുതല്‍ സേനാ വിന്യാസം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 36ാം ഡിവിഷനെ ഗസ്സയില്‍നിന്ന് സമ്പൂര്‍ണമായി പിന്‍വലിച്ചെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കിയത്.

വിശ്രമത്തിനും പരിശീലനത്തിനുമാണ് ഡിവിഷനെ പിന്‍വലിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വടക്കന്‍ ഗസ, മധ്യഗസ, തെക്കന്‍ ഗസ എന്നിവിടങ്ങളില്‍ ഓരോ ഡിവിഷന്‍ സൈനികര്‍ വീതമാണ് ഇപ്പോള്‍ ഇസ്രാഈലിനുള്ളത്. ഹമാസ് ശക്തികേന്ദ്രമായ ഖാന്‍യൂനിസിലെ സേനാവിന്യാസം വര്‍ധിപ്പിച്ചതായും ഹഗാരി കൂട്ടിച്ചേര്‍ത്തു.

സേനാ പിന്മാറ്റം കൂടുതല്‍ സിവിലിയന്മാരെ വടക്കന്‍ ഗസ്സയിലേക്ക് തിരികെ വരാന്‍ സഹായിക്കുമെന്ന് റിട്ട. ഇസ്രാഈലി ജനറല്‍ ജിയോ ഐലാന്‍ഡ് വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. എന്നാല്‍ ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇസ്രാഈലിന് ആകില്ലെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ആരോണ്‍ ബ്രഗ്മാന്‍ ചൂണ്ടിക്കാട്ടുന്നു. ‘ഇസ്രാഈല്‍ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇസ്രാഈലിന് കൈവരിക്കാന്‍ സാധിക്കില്ല. ഇപ്പോഴും ഭാവിയിലും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ആക്രമണത്തില്‍ വടക്കന്‍ ഗസയിലെ 80 ശതമാനം ആളുകളും കിഴക്കു ഭാഗത്തേക്ക് ഒഴിഞ്ഞുപോയതായി പത്രം പറയുന്നു. മേഖലയിലെ മൂന്നില്‍ 2 കെട്ടിടങ്ങളിലും ഇസ്രാഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഗസ്സ മുനമ്പ് തകര്‍ച്ചയുടെ വക്കിലാണെന്നും കുട്ടികളും സ്ത്രീകളും ഭീതിതമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നതെന്നും യുഎന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

അതിനിടെ, ഗസ വിഷയത്തില്‍ ഇസ്രാഈല്‍ യുഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വര്‍ധിച്ചു വരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്ന് ബൈഡന്‍ ഭരണകൂടം കരുതുന്നു. എന്നാല്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് തള്ളുകയാണ്. ഗസ സമ്പൂര്‍ണമായി ഇസ്രാഈല്‍ നിയന്ത്രണത്തിന് കീഴിലാക്കും എന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യുദ്ധ ക്യാബിനറ്റില്‍ നെതന്യാഹു പ്രഖ്യാപിച്ചത്.

webdesk13: