ചാരുംമൂട്: പ്രഷര്‍ കുക്കറില്‍ തല കുടുങ്ങിയ എട്ടു വയസ്സുകാരനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. താമരക്കുളം നാല്മുക്ക് അയൂബ് ഭവനത്തില്‍ പരേതനായ നസീറിന്റെ മകന്‍ നബീലിന്റെ തലയാണ് പ്രഷര്‍ കുക്കറില്‍ കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അയല്‍വീട്ടിലേക്ക് കുക്കറുമായി പോവുകയായിരുന്നു നബീല്‍. തലയില്‍ വച്ച കുക്കര്‍ പിന്നീട് തലയില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവ് ഷീബയും വീട്ടുകാരും അയല്‍വാസികളും ഓടിയെത്തി. ഇവര്‍ കുക്കര്‍ മെല്ലെ ഉയര്‍ത്തിയെങ്കിലും ഊരിമാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
നൂറനാട് പൊലീസിലും അഗ്‌നിശമന സേനയെയും നാട്ടുകാര്‍ വിവരം അറിയിച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് കുക്കര്‍ ഊരിമാറ്റി. അപ്പോഴേക്കും അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി. തലയ്ക്ക് ചതവ് പറ്റിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.