X

രാഷ്ട്രപതിയുടെ അവസാന ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് ബി.ജെ.പിയും കേന്ദ്ര മന്ത്രിമാരും

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് കേന്ദ്രമന്ത്രിമാരും ബിജെപി പ്രതിനിധികളും.
പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ അദ്ദേഹം രാഷ്ട്രപതിഭവനില്‍ നടത്തുന്ന അവസാന ഇഫ്താര്‍ വിരുന്നാണിത്. അധികാരമേറ്റ ശേഷം മോദി ഇതുവരെ രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടില്ല.
ഒരൊറ്റ കേന്ദ്രമന്ത്രിയോ, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയോ ബിജെപി പ്രതിനിധിയോ അവിടെ ഉണ്ടായിരുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളൊന്നും പങ്കെടുക്കാത്ത രാഷ്ട്രപതിഭവനിലെ ആദ്യത്തെ ഇഫ്താര്‍ വിരുന്നായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിഭവനില്‍ നിന്ന് എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും നേരത്തെ തന്നെ ക്ഷണക്കത്ത് അയച്ചിരുന്നു.
മന്ത്രിമാര്‍ വരുമെന്ന കണക്കുകൂട്ടലില്‍ ഇരിപ്പിട ക്രമീകരണങ്ങളും നടത്തിയിരുന്നു. എന്നാല്‍, പ്രണബ് മുഖര്‍ജിയുടെ ക്ഷണത്തെ അപ്പാടെ തള്ളിക്കളയുകയാണ് മോദിയുടെ സഹപ്രവര്‍ത്തകര്‍ ചെയ്തത്.
കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി, മുന്‍ രാജ്യസഭാ എംപി മുഹ്‌സിന കിദ്വായി, ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മേധാവി സിറാജുദ്ദിന്‍ ഖുറൈഷി, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആമിര്‍ റാസാ ഹുസൈന്‍ തുടങ്ങിയവരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രമുഖര്‍. രാഷ്ട്രപതിയുടെ ഇഫ്താറിന് താന്‍ പോകാനിരുന്നിരുന്നതാണെന്നും എന്നാല്‍ പെട്ടെന്ന് ക്യാബിനറ്റ് കമ്മറ്റി ഓഫ് പാര്‍ലമെന്റ് അഫേഴ്‌സിന്റെ യോഗം വിളിച്ചുകൂട്ടിയെന്നും അതിനാലാണ് പോകാന്‍ സാധിക്കാതിരുന്നതെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് മുന്‍പ് പലതും ക്രമീകരിക്കാനുണ്ടായിരുന്നെന്നും 6.30ന് തുടങ്ങിയ യോഗം എട്ടു മണി വരെ നീണ്ടു നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: