ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളജിന്റെ നിര്‍ണായക വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായാണ് വോട്ടെടുപ്പ്. 21നാണ് വോട്ടെണ്ണല്‍. നിലവില്‍ കണക്കുകള്‍ പ്രകാരം എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനാണ് മുന്‍തൂക്കം.
അതേസമയം ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പ്പ് ശ്രമങ്ങളില്‍ ദുര്‍ബലരല്ലെന്ന് തെളിയിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം വോട്ടെടുപ്പിനെ കാണുന്നത്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 94 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെങ്കിലും ദ്രൗപതി മുര്‍മുവും യശ്വന്ത് സിന്‍ഹയും മാത്രമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി മോദിയാണ് വരാണാധികാരി.
വോട്ടല്ല,
വോട്ടു മൂല്യം
പാര്‍ലമെന്റിന്റെ ഇരു സഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് (ഇലക്ടറല്‍ കോളജ്) രാഷ്ട്രപതി, ഉപരാഷ്ട്രപതി തിഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ അവകാശം. നേരിട്ട് വോട്ട് എണ്ണുന്നതിനു പകരം വോട്ടു മൂല്യം കണക്കാക്കിയാണ് അന്തിമ ഫലം നിശ്ചയിക്കുന്നത്. 10,86,431 ആണ് ഇലക്ടറല്‍ കോളജിന്റെ ആകെ വോട്ടു മൂല്യം. ഒരു എം.പിയുടെ വോട്ടുമൂല്യം 700 ആണ്. അതേസമയം എം.എല്‍.എമാരുടെ വോട്ടുമൂല്യം അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായി മാറും. യു.പിക്കാണ് വോട്ടുമൂല്യം കൂടുതല്‍ (208). ഏറ്റവും കുറവ് സിക്കിമിലും (07). 5,43,216 ആണ് ജയിക്കാന്‍ ആവശ്യമായ വോട്ടുമൂല്യം.