X

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 5ന്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 5ന് നടക്കും. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുതന്നെയുണ്ടാവും. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്ത് 10ന് അവസാനിക്കും. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ പത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 18 ആണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആണ് റിട്ടേണിങ് ഓഫീസര്‍. 790 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളജാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി ചുമതലയേല്‍ക്കുക. രാഷ്ട്രപതി സ്ഥാനത്തേക്കെന്നപോലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരമുണ്ടാകാനാണ് സാധ്യത. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുടക്കമിട്ടേക്കും. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മുന്‍ സ്പീക്കര്‍ മീരാ കുമാറും തമ്മിലാണ് മത്സരം.

chandrika: