മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന തലവന്‍ ഉദ്ദവ് താക്കറെ തള്ളിക്കളഞ്ഞതായി ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അധികാരം മോദിക്കു മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ശിവസേന തലവന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. താക്കറെയുടെ വസതിയില്‍ ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കു പിന്തുണ തേടുന്നതിനായി നേരത്തെ പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്ന കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ നിര്‍ദേശം കഴിഞ്ഞ മാസം ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ താക്കറെ എതിര്‍ത്തിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ മത്സരിപ്പിക്കണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഹരിത വിപ്ലവവത്തിന്റെ പിതാവും മലയാളിയുമായ എം.എസ് സ്വാമിനാഥന്റെ പേരും ശിവസേന മുന്നോട്ടു വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന യു.പി.എ സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണച്ചിരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പിന്തുണ അറിയിക്കാനാവില്ലെന്ന് ഇരുവരും ബി.ജെ.പി നേതാക്കളെ അറിയിച്ചിരുന്നു.