ലക്‌നൗ: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഗതാഗത നിയന്ത്രണത്തില്‍ അകപ്പെട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന സ്ത്രീ മരിച്ചു. വെള്ളിയാഴ്ച രാത്രി കാന്‍പുരില്‍വച്ച് വന്ദന മിശ്ര (50) എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ യുപി പൊലീസ് മാപ്പു പറഞ്ഞു. ജന്മനാട് സന്ദര്‍ശിക്കാനായി രണ്ടു ദിവസത്തേക്ക് ഉത്തര്‍പ്രദേശില്‍ എത്തിയതാണ് രാഷ്ട്രപതി.
കടുത്ത രോഗബാധയെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി കുടുംബാംഗങ്ങള്‍ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് നിയന്ത്രണങ്ങളുടെ ഭാഗമായി വലിയ ഗതാഗത കുരുക്കാണ് റോഡില്‍ ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വന്ദന മരിച്ചിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസിന്റെ കാന്‍പുര്‍ മേഖലയിലെ വനിതാ വിഭാഗം മേധാവിയാണ് വന്ദന. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.