X

അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് പുടിനെ ക്ഷണിച്ചു; നടപടിക്കെതിരെ വ്യാപക വിമര്‍ശനം

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ കൂടികാഴ്ചയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുടിന്റെ സ്വന്തം രാജ്യത്തേക്ക് ട്രംപ് ക്ഷണിച്ചത്.

വരുന്ന ശരത് കാലത്ത് പുടിനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി. സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു. തിങ്കളാഴ്ച ഫിന്‍ലാന്റില്‍ പുടിനുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് ട്രംപ് റഷ്യയോടുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ കൂടികാഴ്ച വിജയകരമായിരുന്നു എന്നും അടുത്ത യോഗത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തു.

ആദ്യ ചര്‍ച്ച വിജയമായിരുന്നു. ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച നടത്തി. രണ്ടാം ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ്. പുടിനുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിടണമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍ ചക് ഷൂമെര്‍ ആവശ്യപ്പെട്ടു. സമീപ കാലത്തൊന്നും ഒരു റഷ്യന്‍ നേതാവിനെ പോലും യുഎസിലേക്ക് വൈറ്റ്ഹൗസ് ഓദ്യോഗികമായി ക്ഷണിച്ചിട്ടില്ല.

chandrika: