ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷക വിരുദ്ധ ബില്ലുകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ലുകള്‍ നിയമമായി. കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പുകള്‍ അവഗണിച്ച് കഴിഞ്ഞ ആഴ്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്ന് കര്‍ഷക
വിരുദ്ധ ബില്ലുകള്‍ പാസാക്കിയത്.
ബില്ലുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്‌കരിച്ചിരുന്നു. സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബില്ലില്‍ ഒപ്പിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. മൂന്നു കാര്‍ഷിക ബില്ലുകളിലും ഒപ്പുവക്കാതെ തിരിച്ചയക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഇതേതുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്താകമാനം ഉണ്ടായത്. കര്‍ഷകരുടെ പ്രക്ഷോഭം ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. കര്‍ഷകരുടെ ചരമഗീതമെഴുതുന്ന ബില്ലുകളാണിവയെന്നും കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ കാര്‍ഷിക രംഗം തീറെഴുതിക്കൊടുക്കുന്ന ബില്ലുകളാണിതെന്നും രാജ്യത്താകമാനം പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പടുകൂറ്റന്‍ റാലിയും സംഘടിപ്പിച്ചിരുന്നു.
കര്‍ഷക ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്ന് ഒരു മന്ത്രി രാജിവച്ചിരുന്നു. പിന്നാലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ശിവസേനക്കു പിന്നാലെ അകാലിദളും സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചത് വലിയ ക്ഷീണമാണ് എന്‍ഡിഎക്കുണ്ടാക്കുക.