വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി ആരാധകാരായ സ്വന്തം അനുയായികളെ ശാസിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിഡിയോ ചര്‍ച്ചയാവുന്നു.
നോര്‍ത്ത് കരോലിനയില്‍ ഹിലരിയുടെ റാലിയില്‍ വച്ച് തന്റെ അനുയായി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലിയെ കൂവിയതാണ് ഒബാമയെ പ്രകോപിതനാക്കിയത്. ട്രംപ് അനുകൂലി റാലിയില്‍ ട്രംപിന്റെ ചിഹ്നം ഉയര്‍ത്തി ഉറക്കെ ശബ്ദമുണ്ടാക്കിയപ്പോഴായിരുന്നു ആയാളെ നിശബ്ദനാക്കാനായി റാലിയില്‍ പങ്കെടുക്കാനെത്തിയ ഹിലരി ആരാധകര്‍ ‘കൂവിത്തോല്‍പ്പിക്കാന്‍’ ശ്രമിച്ചത്.
ഒബാമ ഗെറ്റ്-ഔട്ട്-വോട്ട്-റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. മിലിറ്ററി യൂനിഫോമും തൊപ്പിയും ധരിച്ചെത്തിയ ട്രംപ് അനുകൂലി ഇരിപ്പിടത്തിനു മുകളില്‍ കയറി നിന്ന് ശബ്ദമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഹിലരി അനുകൂലികള്‍ ഇയാളെ കൂവിയിരുത്താന്‍ ശ്രമം തുടങ്ങി.
എന്നാല്‍ കൂവല്‍ അതിരുകടന്നപ്പോള്‍ ഒബാമ തന്നെ കയറി ഇടപെടുകയായിരുന്നു. ‘ഹോള്‍ഡ് അപ്പ്’ (Hold Up) എന്ന് തുടര്‍ച്ചയായി ഒബാമ അണികളോട് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. അണികളെ ശാസിച്ച് ഒബാമ തുടര്‍ന്ന്, അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്നും അവരെ ഓര്‍മ്മിപ്പിച്ചു. ശബ്ദമുണ്ടാക്കിയ ആളുടെ വേഷം കണ്ടാല്‍ അദ്ദേഹം സൈനിക സേവനമനുഷ്ഠിച്ചയാളാണെന്നാണ് തോന്നുന്നു. ഇത് നമ്മള്‍ ബഹുമാനികേണ്ട ഒന്നാണെന്നും ഒബാമ പറഞ്ഞു. അതേസമയം ഒരു മിനുറ്റിലേറെ നീണ്ട സംഭവങ്ങള്‍ക്കൊടുവില്‍ ട്രംപ് അനുകൂലിയെ വേദിക്ക് സമീപത്തു നിന്ന് മാറ്റി.
എന്നാല്‍ ഒബാമയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ജെ ട്രംപ് രംഗത്തെത്തി. ഈ സംഭവം ഒരു കളങ്കമാണ് എന്നാണ് പെന്‍സില്‍വാനിയയിലെ റാലിയില്‍ ട്രംപ് പറഞ്ഞത്. ബുദ്ധിഭ്രമം സംഭവിച്ചതു പോലെയാണ് ഒബാമ പെരുമാറിയത് എന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ഒബാമയുടെ നടപടിയാണ് ശരിയെന്നും ട്രംബ് പച്ചകള്ളം പറഞ്ഞു പരത്തുകയാണെന്നും ഡെമോക്രാറ്റിക് പ്രതിനിധികള്‍ അറിയിച്ചു.