X
    Categories: CultureMoreViews

ആര്‍.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്‍പി രഘുനാഥ് മൊഹപത്ര, ദളിത് നേതാവ് രാം ഷക്കല്‍ എന്നിവരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ നാമനിര്‍ദേശം.

ആര്‍.എസ്.എസ് സൈദ്ധാന്തികനായ രാകേഷ് സിന്‍ഹ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മോത്തിലാല്‍ നെഹ്‌റു കോളേജിലെ പ്രൊഫസറും തിങ്ക് താങ്ക് ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ ഡയരക്ടറുമാണ്. കൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ മെമ്പര്‍ കൂടിയാണ്.

60 വര്‍ഷമായി ഭരതനാട്യം, ഒഡീസി നൃത്തരൂപങ്ങളുടെ മുഖമാണ് സൊണാള്‍ മാന്‍സിങ്. 1977ല്‍ ഡല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനവും മാന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്.

ശില്‍പകലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാണ് രഘുനാഥ് മൊഹപത്ര. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ് രാം ഷക്കല്‍.

ഭരണഘടനയനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്ന് 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. നിലവില്‍ എട്ട് പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: