തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഔദ്യോഗിക പരിപാടികള്‍ക്കായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എന്‍.എസ് ഗരുഡയിലെത്തി ഇന്‍ഡ്യന്‍ നേവിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ തങ്ങി നാളെ രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തുടര്‍ന്ന് കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിലും സംബന്ധിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മേയര്‍ ആര്യ രാജേന്ദ്രന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിക്കും. കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് രാഷ്ട്രപതി നിര്‍വഹിക്കും.