X
    Categories: MoreViews

സീനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജഡ്ജി നിയമനം; രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്ന് കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സീനിയര്‍ ജഡ്ജുമാരായ പ്രദീപ് നന്ദ്രജോഗ്, രാജേന്ദ്ര മേനോന്‍ എന്നിവരെ മറികടന്നാണ് ജൂനിയര്‍മാരായ ദിനേഷിനെയും ഖന്നയെയും അഞ്ചംഗ കൊളീജിയം ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്ന കൊളീയിജത്തിന്റെ വിചിത്ര നടപടിയെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിയമ വിദഗ്ധരും ചോദ്യം ചെയ്തിരുന്നു.

രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ നന്ദ്രജോഗിന്റെയും രാജേന്ദ്ര മേനോന്റെയും സീനിയോറിറ്റി അട്ടിമറിക്കുന്നതിനെതിരെ സുപ്രീം കോടതി ജഡ്ജായ ജസ്റ്റിസ് കിഷന്‍ കൗള്‍ കൊളീജിയത്തിലെ അഞ്ചംഗങ്ങള്‍ക്കും കത്തയച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് കൊളീജിയം നടപടിയെടുത്തത്. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെ ദിനേഷ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതിയിലെ ന്യായാധിപന്മാരാവും.

ജൂനിയര്‍ ജഡ്ജുമാരെ സുപ്രീം കോടതിയിലേക്ക് പരിഗണിച്ച കൊളീജിയം നീക്കം അത്ഭുതപ്പെടുത്തുന്നുവെന്നും സുതാര്യമായ രീതിയിലാണ് കൊളീജിയം നടപടികള്‍ കൈക്കൊള്ളേണ്ടതെന്നും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു.

നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ കേന്ദ്ര സര്‍ക്കാറാണ് സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചിരിക്കുന്നതെന്നും ഡിസംബറിലെ കൊളീജിയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെയാണ് തിരക്കിട്ട പുതിയ നിയമനമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: