X

ആരോഗ്യ നിരീക്ഷണ സംവിധാനം ഒരുക്കണം-എഡിറ്റോറിയല്‍

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സജീവ ജീവിതത്തിലേക്കുള്ള വാതിലുകള്‍ സര്‍ക്കാര്‍ മലര്‍ക്കെ തുറക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതോടൊപ്പം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍കുളങ്ങളും തുറക്കും. വീടിന് പുറത്തിറങ്ങാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഇനിമുതല്‍ വിലക്കുകളൊന്നുമില്ല. കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പക്ഷേ, കോവിഡ് നിരക്ക് ഇപ്പോഴും 15,000ത്തിന് മുകളിലാണ്. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രോഗ ഭീഷണി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും രോഗ തീവ്രതയും മരണനിരക്കും കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിലേറെയായി തളച്ചിടപ്പെട്ട ജീവിതം വീണ്ടും സജീവമാകുന്നുവെന്നത് ആശ്വാസകരവും ആഹ്ലാദകരവുമാണ്. പക്ഷേ, നിയന്ത്രണങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ച് പുറത്തിങ്ങുമ്പോള്‍ പൊതുജനവും സര്‍ക്കാരും ഒരുപോലെ ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നത് നല്ലതായിരിക്കും.

നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. മനുഷ്യജീവിതത്തെ കടന്നാക്രമിക്കാന്‍ തക്കംപാര്‍ത്ത് കോവിഡ് ഭീകരന്‍ നമുക്ക് ചുറ്റും സജീവമായി നില്‍ക്കുന്നുണ്ട്. കോവിഡ് വൈറസിനെ ഉന്മൂലനം ചെയ്യുന്ന വാക്‌സിന്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ശരീരത്തിന് പ്രതിരോധശേഷി കിട്ടുമെന്നും രോഗതീവ്രത കുറയുമെന്നുമാണ് വാക്‌സിന്‍ കമ്പനികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. അപകടകരമായ സാഹചര്യങ്ങളെ മറികടക്കാമെന്നതുകൊണ്ട് വാക്‌സിനേഷന്‍ അനിവാര്യവുമാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതോടൊപ്പം പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അനാസ്ഥയുടെ ദുരന്തം രാജ്യം അനുഭവിച്ചതാണ്. രണ്ടാം തരംഗത്തില്‍ രാജ്യം മുഴുക്കെയും രോഗശയ്യയില്‍ വീണത് വിസ്മരിക്കാനാവില്ല. കേരളത്തിന് ഇനിയും രോഗമുക്തിയായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്് കേരളത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവകാശവാദങ്ങളുന്നയിക്കുകയും സ്വയം കയ്യടിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനാണ് ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. മൂന്നാമതൊരു തരംഗത്തെ നേരിടാനുള്ള ശേഷി രാജ്യത്തിനില്ല. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതനുസരിച്ച് മുന്നോട്ടുപോകാനുമുള്ള സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളെ നിരന്തരം നിരീക്ഷിക്കുകയും കൃത്യമായി കണ്ടെത്തി ചികിത്സയൊരുക്കുകയുമാണ് പ്രധാനം. മനുഷ്യനെ മഹാമാരികള്‍ വിടാതെ പിന്തുടരുന്നുണ്ടെന്നത് സത്യമാണ്. ചൈനയില്‍ കോവിഡ് വ്യാപനം മുന്‍കൂട്ടി കണ്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സംവിധാനിക്കുന്നതിലുണ്ടായ പരാജയത്തിന്റെ തിക്തഫലമാണ് ഇപ്പോള്‍ ലോകം അനുഭവിക്കുന്നത്. കോവിഡ് കൂടുതല്‍ ശക്തിയാര്‍ജിക്കാനും പുതിയ വകഭേദങ്ങള്‍ വരാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുകയും ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം ലബോറട്ടറികള്‍ ശക്തിപ്പെടുത്തുകയും വേണം. നിപ്പ പോലുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ സാമ്പിളുകള്‍ ദൂരെ ദിക്കുകളിലേക്ക് അയച്ച് ഫലത്തിന് കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കേണ്ടിയിരിക്കുന്നു. നിപ്പ വൈറസ് പരിശോധനക്ക് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തന്നെയാണ് ഇപ്പോഴും കേരളത്തിന് ആശ്രയം. സംസ്ഥാനത്ത് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാരക രോഗങ്ങളുടെ പരിശോധനകള്‍ വൈകുന്നത് ചികിത്സയേയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ഏതെങ്കലും പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഇനിയും ആയിട്ടില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങള്‍ വീര്‍പ്പുമുട്ടിയത് ശാസ്ത്രീയമായ ആരോഗ്യ ആസൂത്രണത്തിന്റെ അപര്യാപ്തതക്കുള്ള തെളിവാണ്.

നിരീക്ഷണ-മുന്നറിയിപ്പ് സൗകര്യങ്ങളോടുകൂടിയ വലിയൊരു രോഗപ്രതിരോധ സംവിധാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം കണ്ടെത്തി പ്രതിരോധിക്കുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറെ പരാജയപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി പറയാന്‍ പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇതേ ചൊല്ലി ഇപ്പോഴും വിവാദങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. 2014നും 2019നുമിടക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2015ല്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത്പക്ഷേ, ഭരണകൂടങ്ങള്‍ ഗൗരവത്തിലെടുത്തില്ല. രോഗം പടര്‍ന്നുപിടിച്ച് ജനങ്ങള്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നതിന്മുമ്പ് തന്നെ ഉറവിടം കണ്ടെത്തി തടഞ്ഞുനിര്‍ത്തണമെങ്കില്‍ വിപുലമായ ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യമേഖല അവഗണിച്ചു മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. മെച്ചപ്പെട്ട ചികിത്സ സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ടി ആരോഗ്യമേഖലയില്‍ ബജറ്റ് വിഹിതം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സജീവമായി പരിഗണിക്കേണ്ടതാണ്. ഇന്ത്യയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഏറെ ശോചനീയമാണ്. ആശുപത്രികളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഭീതിത സാഹചര്യമാണ് നിലവിലുള്ളത്. പഴയതും പുതിയതുമായ രോഗങ്ങള്‍ കൂടുതല്‍ വീര്യം വീണ്ടെടുത്ത് ആവിര്‍ഭവിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ പൂര്‍ണമായി തടുത്തുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും ആക്രമണ തീവ്രത കുറയ്ക്കാനെങ്കിലും അത് ഉപകരിക്കും. ഏകോപിതവും ശാസ്ത്രീയവുമായ നീക്കങ്ങളുണ്ടായാല്‍ രോഗത്തെ ഉറവിടത്തില്‍ തന്നെ ഉന്മൂലനം ചെയ്യാം. ജീവിതത്തെ തകിടംമറിക്കാന്‍ മഹാമാരികള്‍ക്ക് സാധിക്കുമെന്ന് കോവിഡിലൂടെ ലോകം തിരിച്ചറിഞ്ഞികഴിഞ്ഞു. ഒരുപക്ഷേ, കൊടുങ്കാറ്റുകളേക്കാള്‍ പ്രഹരശേഷിയുണ്ട് അത്തരം രോഗങ്ങള്‍ക്ക്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. വാക്‌സിനേഷന്റെ പ്രാധാന്യത്തില്‍ മാത്രമായി ആരോഗ്യ പ്രചാരണങ്ങള്‍ ഒതുങ്ങരുത്. ചുറ്റുമുള്ള രോഗാണുകളുടെ സ്വഭാവത്തെക്കുറിച്ചും അവ സജീവമാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ടതുണ്ട്.

 

Test User: