പി.കെ ഫിറോസ്
കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നാറിലെ മൂന്ന് ദിനരാത്രികളില്‍ എല്ലുകള്‍ തുളച്ചുകയറുന്ന കൊടും തണുപ്പിലും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഭാവിയെ കരു പിടിപ്പിക്കുന്ന ആലോചനയിലായിരുന്നു. ദക്ഷിണ മേഖലാ മുസ് ലിം യൂത്ത് സമ്മേളനം നടത്താനുള്ള തീരുമാനം അന്നത്തെ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ നിന്നാണ് രൂപപ്പെട്ടത്. തെക്കന്‍ മേഖലകളില്‍ മുസ്‌ലിം ലീഗിന്റെ ശാക്തീകരണം ലക്ഷ്യം വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ഏഴു ജില്ലകളില്‍ 500 യൂണിറ്റ് കമ്മിറ്റികള്‍, നിലവിലുള്ളവ പരിപോഷിപ്പിക്കുകയും ഇല്ലാത്തയിടങ്ങളില്‍ പുതിയവ രൂപീകരിക്കുകയും ചെയ്തു. യൂണിറ്റ് ഒബ്‌സര്‍വര്‍മാരുടെ നേതൃത്വത്തില്‍ യൂണിറ്റ് സംഗമങ്ങള്‍ സംഘടിപ്പിക്കുകയും സംസ്ഥാന ‘ഭാരവാഹികളും വിവിധ ജില്ലകളില്‍ നിന്നായുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളും ഈ സംഗമങ്ങളില്‍ പങ്കെടുക്കുകയും ചിട്ടയോടെ കൈകാര്യം ചെയ്യുകയും ശേഷം, ആലപ്പുഴയില്‍ വെച്ചുനടക്കുന്ന ദക്ഷിണ മേഖല സമ്മേളനത്തിലേക്ക് യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. മുസ്‌ലിം യൂത്ത് ലീഗിന്റെ കാല്‍വെപ്പുകളില്‍ ആഴത്തില്‍ പതിഞ്ഞ അടയാളമായി ഈ സമ്മേളനം മാറും. സമ്മേളനത്തിന്റെ ആരവങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത തരംഗങ്ങളായി നിലനില്‍ക്കാന്‍ പോന്ന കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്കും സമ്മേളന വേദി സാക്ഷിയാകും. മാത്രമല്ല, അതാത് യൂണിറ്റ് നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ തന്നെ തുടര്‍ ചലനങ്ങളും നടപ്പിലാകുന്നതോടെ തെക്കന്‍ കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തിന്, വിശിഷ്യാ മുസ്‌ലിം ലീഗിന്റെ സംഘടിത സാന്നിധ്യത്തിന് ഊര്‍ജ്ജ സ്വലത നിറഞ്ഞ രൂപവും ഭാവവും കൈവരും. മുസ്‌ലിം ലീഗിന്റെ ആത്മാവുമായി ഇഴപിരിയാത്ത ബന്ധമുള്ള നാടാണ് ആലപ്പുഴ. ലീഗിന്റെ ആദ്യ സമ്മേളനം നടന്നത് ആലപ്പുഴയിലെ ലജ്‌നത്ത് നഗറില്‍ വെച്ചാണ്. വന്ദ്യരായ ഖാഇദെ മില്ലത്ത് ഉള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ആ സമ്മേളനത്തിന്റെ എളിയ പുനരാവിഷ്‌കാരം കൂടിയായി ഈ സമ്മേളനം മാറും. മുസ്‌ലിം ലീഗ് വലിയ പ്രതാപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കാലം തന്നെ തെക്കന്‍ കേരളത്തിലുണ്ടായിരുന്നു. തിരുവിതാംകൂര്‍ അസംബ്ലിയില്‍ പത്തോളം എം.എല്‍.എമാരും ‘രണഘടനാ നിര്‍മാണ സഭയിലേക്ക് അവിടെ നിന്നൊരു പ്രതിനിധിയും ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം, കഴക്കൂട്ടം, ഇരവിപുരം എന്നിവിടങ്ങളില്‍ നിന്നൊക്കെ കേരള നിയമസഭയിലേക്ക് മുസ്‌ലിം ലീഗിന് പ്രതിനിധികളും ഉണ്ടായിട്ടുണ്ട്. കൊച്ചിയില്‍ മേയറായും തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറായും മുസ്‌ലിം ലീഗ് സാരഥികള്‍ അധികാരം അലങ്കരിച്ച പ്രതാപ ചരിത്രമുണ്ട്. ഇത്തരം ചരിത്ര പ്രതാപങ്ങള്‍ കാഴ്ചയില്‍ നിന്ന് അകലെയാണെങ്കിലും വീണ്ടെടുക്കാന്‍ വേണ്ട വളക്കൂര്‍ ഇന്നുമവിടെ മുസ്‌ലിം ലീഗിനുണ്ട്. അത് വീണ്ടെടുക്കാന്‍ വേണ്ട ഊര്‍ജ്ജിത ശ്രമങ്ങള്‍ക്ക് ഈ സമ്മേളനം നാന്ദി കുറിക്കും. പരസ്പര വിദ്വേഷങ്ങള്‍ പരത്തിയുള്ള രാഷ്ട്രീയ ലാ’ക്കുകള്‍ക്കായി പലരും പരിശ്രമിക്കുന്ന കാലത്ത്, വിശിഷ്യാ സമുദായത്തിനകത്ത് നിന്ന് തന്നെയുള്ള അസ്വസ്ഥ സ്വരങ്ങള്‍ പ്രതിരോധിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കാന്‍ തെക്കന്‍ കേരളത്തിലും മുസ്‌ലിം ലീഗ് ശക്തിപ്പെടേണ്ടതുണ്ട്. സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് എന്ന പ്രമേയമ ആസ്പദമാക്കിയുള്ള സമ്മേളനം ഒരുപാട് അര്‍ത്ഥതലങ്ങള്‍ വരച്ചിടുന്നു. പിന്നാക്കം നില്‍ക്കുന്ന സമുദായം കൂടി വളരുമ്പോഴാണ് ഒരു സമൂഹം എല്ലാ അര്‍ത്ഥത്തിലും പുരോഗതി കൈവരിക്കുകയുള്ളൂ.
ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ഒരു രാജിക്കും തയ്യാറാവാതെ സ്വന്തം അവകാശങ്ങളെ കുറിച്ച് വാചാലമാവുന്ന മനോഹരമായ അവകാശബോധ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് എന്നും കാഴ്ച്ച വെച്ചിട്ടുള്ളത്. ആരോടുമുള്ള വിദ്വേഷത്തിന്റെ പുറത്തല്ല ഈ രാഷ്ട്രീയ സംഗമം. മറിച്ച്, സ്വത്വത്തെ കുറിച്ചുള്ള രാഷ്ട്രീയ പ്രബുദ്ധത പകര്‍ന്നു നല്‍കാനും, അതോടൊപ്പം സമൂഹത്തിന്റെ പുരോഗതിയും ലക്ഷ്യം വെച്ചാണ് ഇന്നോളം പ്രവര്‍ത്തിച്ചതും തെക്കന്‍ കേരളത്തില്‍ അനുധാവനം ചെയ്യാന്‍ ആഗ്രഹിക്കുന്നതും. അതിനായി യുവനിര ഉള്‍പ്പടെയുള്ളവരെ സജ്ജമാക്കും. ലക്ഷ്യ സാക്ഷാത്കാരത്തിന് അല്ലാഹു അനുഗ്രഹിക്കട്ടെ.