വിവാഹത്തിന് മുമ്പേയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ നിയമ പ്രകാരമുള്ള പരമാവധി പിഴയോ ലഭിക്കും. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.’ ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.