X

വിവാഹപൂര്‍വ്വ ബോധവല്‍ക്കരണം

പ്രൊഫ. പി.കെ.കെ. തങ്ങള്‍

പരമാര്‍ത്ഥവും പരിഹാസവും ഒപ്പത്തിനൊപ്പം ചേര്‍ത്തി പരിണത പ്രജ്ഞനായ കവി കുഞ്ഞുണ്ണി മാഷ് പാടിപ്പറഞ്ഞതിങ്ങനെ:’ ജനിക്കും നേരം തൊട്ടെന്‍ മകനിംഗ്ലീഷ് പഠിക്കണം; അതിനാല്‍ ഭാര്യതന്‍പേറങ്ങിഗ്ലണ്ടില്‍ തന്നെയാക്കി.’ ഇംഗ്ലീഷ് ഭ്രമത്തിന്റെ മത്തും മുന്നൊരുക്കത്തിലെ യാഥാര്‍ത്ഥ്യവും ഇതില്‍ കാണാനാവും. ‘കോടതി പിരിഞ്ഞു കാര്യം തോന്നിയിട്ടു ഫലമില്ല’ എന്ന പ്രയോഗത്തിന്റെ വ്യംഗ്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന കരുതലും ഇതില്‍ കാണാവുന്നതാണ്. ‘മുളയിലറിയാം വിള’ എന്ന മൊഴി യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ‘മുള’ എന്ന പ്രക്രിയ നടക്കുന്ന അടിമണ്ണ് എങ്ങിനെയുള്ളതായിരിക്കണമെന്നുള്ളതും ചിന്തനീയമാണ്. എല്ലാം കൂടി സംക്ഷിപ്തമായിപ്പറഞ്ഞാല്‍ നിര്‍മ്മാണ പ്രക്രിയയുടെ അടിത്തറ എപ്രകാരമായിരിക്കണമെന്നതിന്റെ വ്യക്തമായ സൂചന.

ആദ്യ പാഠശാല മാതാവിന്റെ മടിത്തട്ടാണെന്നുള്ളതും, അനുബന്ധമായതും അര്‍ത്ഥവത്തായതുമായ കണ്ടെത്തലാണ്. ‘കൂമ്പില്‍ വളം വെച്ചിട്ടു കാര്യമില്ല’ എന്ന പൊതുശീലും പ്രചാരത്തിലുണ്ട്. എല്ലാം കൂട്ടിച്ചേര്‍ത്തു പറഞ്ഞാല്‍ ചെന്നെത്താനാവുക സമൂഹ നിര്‍മ്മാണത്തിന്റെ അടിത്തറഭദ്രമായിരിക്കണമെന്ന സുവ്യക്തമായ ആശയത്തിലാണ്. അനഭിലഷണീയമായ കാഴ്ചപ്പാടുകള്‍ക്കും, ആശയാദര്‍ശങ്ങള്‍ക്കും, പ്രവര്‍ത്തനജീവിത ശൈലികള്‍ക്കും അടിമപ്പെടുന്നതിന് മുമ്പായി ഇളം തലമുറക്ക് നല്ല വഴിയും വെളിച്ചവും ഊര്‍ജ്ജവും നല്‍കി സുരക്ഷിതമാക്കുകയെന്നതാണ് മുതിര്‍ന്ന തലമുറയുടെ കര്‍ത്തവ്യം.

മതില്‍കെട്ടിത്തിരിച്ചുള്ള വളപ്പുകളില്‍ നിലകൊള്ളുന്ന കൂറ്റന്‍ കെട്ടിടങ്ങളിലെ മുറികള്‍ മാത്രമല്ല പാഠശാല. ശൈശവം തൊട്ട് ജീവിക്കാനിടവരുന്ന ഇടങ്ങളുടെ പരിസരം മുഴുവന്‍ പാഠശാലയായിക്കാണണം. മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കാഴ്ചകളില്‍ ആകൃഷ്ടരാവുക കുട്ടികളാണ്. വര്‍ണ്ണാഭമായ കാഴ്ചകളും മധുരമായ സ്വരങ്ങളും അവരെ ഹഠാതാകര്‍ഷിക്കും. എന്നാല്‍ ആ ദൃശ്യങ്ങളിലെയും സ്വരങ്ങളിലെയും ശരിയായ അര്‍ത്ഥവും പൊരുളും മനസ്സിലാക്കാന്‍ പ്രാപ്തരായിരിക്കില്ലല്ലോ കൊച്ചുകുട്ടികള്‍. അവിടെയാണ് മുതിര്‍ന്നവരുടെ അഥവാ രക്ഷിതാക്കളുടെ പ്രസക്തി.

കുഞ്ഞുങ്ങള്‍ അനഭിലണീയമായവ കാണാനും കേള്‍ക്കാനുമുള്ള അവസരം ഒഴിവാക്കുക. ബഹുസ്വരസമൂഹത്തില്‍ അതിന് ഉദ്ദേശിക്കുന്ന വിധം സാധിക്കാതെ വരുമ്പോള്‍ വകതിരിവ് നല്‍കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കഴിയണമെങ്കില്‍ അതിനുള്ള അറിവും കഴിവും അപ്പോള്‍ വില കൊടുത്ത് വാങ്ങാന്‍ കിട്ടുന്നതല്ല, മറിച്ച് അവയെല്ലാം നേരത്തേ ആര്‍ജ്ജിച്ചുവെച്ചിട്ടുള്ളതാവണം. അതായത് മാതാപിതാക്കള്‍ ഉല്‍ബുദ്ധരായിരിക്കണം എന്നു സാരം. മറ്റാര്‍ക്കാണ് കുഞ്ഞുങ്ങളുടെ മേല്‍ രക്ഷിതാക്കളേക്കാള്‍ കൂടുതല്‍ സ്വാധീനമുണ്ടാവുക.

ജനിക്കും നേരം തൊട്ട് ഏല്‍ക്കുന്ന ചൂടും ചൂരും, കാഴ്ചയും കേള്‍വിയുമെല്ലാം മാതാവിന്റെയും പിതാവിന്റെയുമല്ലേ. അതിനെല്ലാം ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലേ കുഞ്ഞുങ്ങള്‍ ഗുരുസന്നിധിയിലേക്ക് എത്തിപ്പെടുന്നുള്ളൂ. എന്നാല്‍ തന്നെയും മാതാവിനും പിതാവിനും പകരക്കാരനാവാന്‍ അവര്‍ക്ക് കഴിയുന്നതുമല്ലല്ലോ. മാതാവിന്റെ മടിത്തട്ടാണ് ആദ്യ പാഠശാല എന്ന അദ്ധ്യാപനം വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. വെറും ശാരീരിക വളര്‍ച്ചയുടെ ഉത്തരവാദിത്തം മാത്രമല്ല മാതാപിതാക്കള്‍ക്കുള്ളത്. പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച് മാനസികവും ധിഷണാപരവുമായിട്ടുള്ള എല്ലാവിധ മാര്‍ഗദര്‍ശനങ്ങളുടെയും അടിത്തറ മാതാവും പിതാവുമാണ്. തലമുറകള്‍ നന്നാവുന്നതിന്റെയും ചീത്തയാവുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദികള്‍ രക്ഷിതാക്കളാണ്. അക്കാരണത്താലാണല്ലോ, അന്ത്യനാളില്‍ നരകത്തിലേക്ക് എറിയപ്പെടാന്‍ പോകുന്ന ചെറുപ്പക്കാരന്‍, ‘ഞാന്‍ വഴി പിഴച്ചുപോയതിന് കാരണം ഞാനല്ല, അതാ നില്‍ക്കുന്നു എന്റെ മാതാപിതാക്കള്‍, അവരെ പിടിച്ചോളൂ; ശരിതെറ്റുകളോ സന്മാര്‍ഗമോ ഒന്നും എനിക്ക് പഠിപ്പിച്ചു തരാത്തവരാണവര്’ എന്ന് ആക്രോശിക്കുമെന്നാണ് പ്രാവാചകന്‍ മനസ്സിലാക്കിത്തന്നിട്ടുള്ളത്.

ആധുനിക കാലഘട്ടത്തില്‍, നവീന ജീവിതക്രമത്തില്‍ രക്ഷിതാക്കള്‍ പഠനത്തിന്റെയും പരിശീലനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും മാതൃകയായി ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ചൂണ്ടിക്കാണിക്കുമ്പോഴും രക്ഷിതാക്കള്‍ സുരക്ഷിതരല്ല. കാരണം മാതാപിതാക്കള്‍ പാകിയ അടിത്തറ മേല്‍ മാത്രമാണ് ഗുരുനാഥന്‍ ‘നിര്‍മ്മാണം’ നിര്‍വ്വഹിക്കുന്നത്. ‘അവന്‍ ചെറിയ കുട്ടിയല്ലെ, കളിച്ചുവളരട്ടെ’യെന്ന സ്‌നേഹമസൃണമായ സമീപനം തെറ്റെന്ന് പറയുന്നില്ല. പക്ഷെ കുഞ്ഞുപ്രായത്തില്‍ കിട്ടേണ്ടുന്ന യഥാര്‍ത്ഥമായ വളര്‍ച്ചക്കുള്ള വെള്ളവും വളവും രക്ഷിതാവായ താന്‍ യഥാവിധി നല്‍കുന്നുണ്ടോ, തദടിസ്ഥാനത്തില്‍ തന്നെയാണോ കുഞ്ഞിന്റെ വളര്‍ച്ചയും രീതികളുമെന്ന നിരന്തര അവലോകനവും വിലയിരുത്തലും മാതാപിതാക്കള്‍ നടത്തിയേ പറ്റൂ.

തലമുറകളിലേക്ക് പകര്‍ന്നുകിട്ടേണ്ടുന്ന ബുദ്ധിക്ഷമതയും കര്‍മ്മകുശലതയും നവജാതശിശുക്കളില്‍ നാമ്പിടണമെങ്കില്‍, ആധുനിക കാലഘട്ടത്തില്‍ ‘മടിത്തട്ടില്’ നിന്നെന്ന ആശയത്തില്‍ നിന്നും വ്യത്യസ്തമായി ‘ഗര്‍ഭപാത്ര’ത്തില്‍ നിന്നുതന്നെ അതിനു തുടക്കം കുറിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ നമ്മുടെ ചിന്ത ചെന്നെത്തുന്നത് മാതാവിന്റെ തദ്വിഷയകമായ പ്രഥമ സ്ഥാനത്തിലേക്കാണ് ഗര്‍ഭാവസ്ഥയില്‍ മാതാവിന്റെ മാനസികാവസ്ഥ, ജീവിത ഭക്ഷണശൈലികള്‍, വികാര വിചാരങ്ങള്‍, സ്വപ്‌നങ്ങള്‍, ആകുലതകള്‍, പ്രയാസങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുണ്ടാകുന്ന അനുരണനങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയിരിക്കും. ഇവിടെ നാം കാണുന്നത് ഗര്‍ഭാശയത്തെ പുതുതലമുറയുടെ ആദ്യപാഠശാലയായിട്ടാണ്. ഈ ശരിയായ ബോധം ഗര്‍ഭിണിയായ സ്ത്രീക്ക് ഉണ്ടെങ്കില്‍ തുടര്‍ന്നും ശിശു പിറവിയെടുക്കുന്ന നേരംതൊട്ട് ഓരോ നിമിഷവും മാതാവെന്ന ആദ്യ പാഠശാലയില്‍ നിന്നും സ്പര്‍ശനത്തിലൂടെയും, സ്വരത്തിലൂടെയും, മുലപ്പാല്‍ മാധുര്യത്തിലൂടെയും നിറങ്ങളിലൂടെയും, താരാട്ടിന്റെ മാധുര്യത്തിലൂടെയും മാതാവ് കുഞ്ഞിന് മുന്നേറ്റ പാത കാണിച്ചുകൊടുക്കുകയാണ്. തുടര്‍ന്ന് ശിശുവിന്റെ വളര്‍ച്ചക്കും പ്രായത്തിനും അനുസരിച്ചുള്ള ക്രമാനുക്രമമായ വികാസത്തിന് കുഞ്ഞ് സജ്ജമായിക്കൊണ്ടിരിക്കും.

ഓടിച്ചാടി നടക്കാനുള്ള ഘട്ടമെത്തുമ്പോള്‍ തദനുസൃതമായി വഴികാണിക്കലും മാതാവിന്റെ ചുമതലയില്‍പെട്ടതുതന്നെ; കൂടെ പിതാവിന്റെയും. ഇതെല്ലാം നേരാം വണ്ണം സാധിതമാവണമെങ്കില്‍ ഈയൊരവസ്ഥയില്‍ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മാതാവ് പൂര്‍ണ്ണമായും ഉല്‍ബുദ്ധയായിരിക്കണം. എങ്കില്‍ മാത്രമേ ബോധപൂര്‍വ്വം ആവശ്യവും അനാവശ്യവും, ശരിയും തെറ്റും തിരിച്ചറിഞ്ഞ് കുഞ്ഞിന് ശരിയായ വളര്‍ച്ചാവഴി കാണിച്ചു കൊടുക്കാന്‍ മാതാവിന് കഴിയുകയുള്ളൂ. ഇവിടെയാണ് യുവതീയുവാക്കള്‍ക്ക് വിവാഹത്തിന് മുമ്പ് ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണത്തിന്റെ പ്രസക്തി. ഈദൃശമായി മുന്‍കാലങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാ വിഭാഗങ്ങളിലും വേദപഠനത്തിലൂടെയും പ്രവാചക അദ്ധ്യാപനങ്ങളിലൂടെയും തലമുറകള്‍ക്ക് ബോധവല്‍ക്കരണം, പരിഷ്‌കൃതരീതിയിലല്ലെങ്കിലും നടത്തിപ്പോന്നിരുന്നു. എന്നാല്‍ കാലം പിന്നിടുന്നതിനനുസരിച്ച് ഇത്തരം രീതികള്‍ അവജ്ഞയോടെ തള്ളപ്പെടുകയാണ്.

യുവതീയുവാക്കള്‍ക്ക് വിവാഹകുടുംബജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള കണിശമായ ബോധവല്‍ക്കരണം ഔദ്യോഗികമായിത്തന്നെ കോളജ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പാശ്ചാത്യനാടുകളിലെ ശൈലികളും ജീവിതരീതിയും വിഭിന്നമാണെങ്കിലും അവരുടെ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായി ഇത്തരം ബോധവല്‍ക്കരണരീതികള്‍ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്‌ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.

സ്‌കൂള്‍ തലം തൊട്ടുതന്നെ കുടുംബജീവിതം, കുടുംബ ഭദ്രത, സമൂഹ നന്മ, മാനവികത മുതല്‍ മനുഷ്യനന്മ ഉറപ്പു നല്‍കുന്ന മൂല്യബോധന ക്ലാസുകള്‍ നടപ്പില്‍ വരുത്തേണ്ടതാണ്. മേല്‍ത്തട്ടില്‍ മാത്രം പണിയെടുത്തേണ്ടതുകൊണ്ടായില്ല, പരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ അടിത്തട്ടുമുതല്‍ പ്രാവര്‍ത്തികമാക്കിയാലേ ഫലപ്രദമാവുകയുള്ളൂ. ലോകത്തെവിടെയും പുതുതലമുറയെ ഉള്‍ക്കൊള്ളുന്ന വേദി വിദ്യാഭ്യാസമേഖലയാണ്. അതിനാല്‍ സമൂഹത്തിന് ഗുണകരമായിട്ടുള്ള ഏത് മുന്നേറ്റത്തിനും നിലവിലുള്ളതില്‍ ഏറ്റവും പ്രായോഗികമായ ബോധവല്‍ക്കരണ യത്‌നത്തിനും നാം ഉപയോഗപ്പെടുത്തേണ്ടത് ആ വേദിയാണ്. അടുത്ത തലമുറക്ക് പ്രയോജനപ്രദമാവേണ്ടുന്ന കാര്യങ്ങള്‍ക്ക് പ്രാരംഭം കുറിക്കേണ്ടത് ഈ തലമുറയുടെ ചുമതലയാണ്. കൈയിലല്ല, തലയില്‍ കാര്യമായൊന്നുമില്ലാതെ കുടുംബജീവിതത്തിലേക്കെടുത്ത് ചാടുന്നേടത്താണ് താളപ്പിഴകളും തകര്‍ച്ചയും പാഞ്ഞെത്തുക.

webdesk13: