കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍.എസ്.പി നേതാവും കൊല്ലം ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്‍.
താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന ഏക പാര്‍ട്ടി കേരളത്തിലെ സി.പി.എം മാത്രമാണ്- പ്രേമചന്ദ്രന്‍ പരിഹസിച്ചു.
ലോക്‌സഭയില്‍ അവതരിപ്പിച്ച 31 നിരാകരണ പ്രമേയങ്ങളില്‍ 21 എണ്ണം അവതരിപ്പിച്ചത് യു.ഡി.എഫ് ആണ്. അതില്‍ മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താന്‍ കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എം.പിമാര്‍ വോട്ട് ചെയ്തത്. എന്നാല്‍ ഇടതുമുന്നണി എന്തുകൊണ്ട് മുത്തലാഖിനെതിരെ പ്രമേയം കൊണ്ടുവന്നില്ലെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.
1988 മുതല്‍ സി.പി.എം ഉള്‍പ്പെട്ട മുന്നണിയില്‍ ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് മുതല്‍ 2019 ല്‍ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വരെ താന്‍ സംഘിയല്ല. തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് തന്നെ സംഘിയായി മുദ്രകുത്തുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.