X

ഗര്‍ഭിണികളും റമസാന്‍ വ്രതവും-ഡോ. റഷീദ ബീഗം

ഡോ. റഷീദ ബീഗം,സീനിയര്‍ കണ്‍സട്ടന്റ് & ഹെഡ്.
Obstetrics & Gynaecology Aster MIMS, Calicut.

വീണ്ടും ഒരു പുണ്യമാസം കൂടി പിറക്കുകയായി. ലോകമെങ്ങുമുള്ള ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധിയുടേയും വിശ്വാസത്തിന്റെയും മാസമാണിത്. മനസ്സും ശരീരവും ഒന്നുപോലെ വിശുദ്ധമാക്കുന്ന ഉപവാസമാണ് റമസാന്‍ മാസത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ റമസാന്‍ മാസത്തിലെ വ്രതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഗര്‍ഭിണികളായവരെ സംബന്ധിച്ച് ഇത് ആശങ്കയുടേയും ആകുലതകളുടേയും സംശയങ്ങളുടേയും കൂടി കാലമാണ്. നിരവധിയായ സംശയങ്ങളുമായി അനേകം ഗര്‍ഭിണികള്‍ ദിവസേന വിളിക്കുകയോ ഒ പി യില്‍ സന്ദര്‍ശിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.

നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. ഗര്‍ഭിണിയുടെ ആരോഗ്യം, ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണ്ണത, ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള ആരോഗ്യം തുടങ്ങിയ അനേകം കാര്യങ്ങളെ പരിഗണിച്ചാണ് നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയുള്ളൂ.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപവസിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ സ്വയമുണ്ടെങ്കില്‍ പിന്നെ ഉപവാസം സ്വീകരിക്കാതിരിക്കുക തന്നെയാണ് നല്ലത്. വ്രതം അനുഷ്ഠിക്കാന്‍ ആരോഗ്യം അനുവദിക്കും എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം തേടണം. പ്രമേഹം, വിളര്‍ച്ച മുതലായവ ഉള്ളവര്‍ നോമ്പെടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഉപവാസമെടുക്കുന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിര്‍ബന്ധമായും പിന്‍തുടരണം. സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കമം.

ജോലി ചെയ്യുന്നവര്‍ റമസാന്‍ കാലത്ത് ജോലി സമയം കുറയ്ക്കുകയോ, അധിക ഇടവേളകള്‍ എടുക്കുകയോ വേണം. ഭക്ഷണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വേണമെങ്കില്‍ ഡയറ്റീഷ്യനെ കൂടി സമീപിക്കാവുന്നതാണ്. മധുരം അമിതമായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ്മീറ്റ്, പൊരിച്ചതും വറുത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കോളകള്‍ മുതലായവ ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ആവശ്യമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് ഗര്‍ഭകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്നാണ്. ആവശ്യത്തിന് ശരീരഭാരമില്ലെന്ന് തോന്നിയാലോ, ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാലോ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക.

അമിതദാഹം, മൂത്രം കുറച്ച് മാത്രം ഒഴിക്കുക, മൂത്രത്തിന്റെ കടുത്ത നിറത്തില്‍ കാണപ്പെടുക, ശക്തമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മൂത്രാശയത്തിലെ അണുബാധ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.

തലവേദന, മറ്റ് ശരീരവേദനകള്‍, പനി മുതലായവ ശ്രദ്ധയില്‍ പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഛര്‍ദ്ദി, ഓക്കാനം മുതലായവ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ ഡോക്ടറെ കാണുകയും ചെയ്യണം.

അവസാന മാസങ്ങളിലെത്തിയവര്‍ക്ക് കുഞ്ഞിന്റെ ചലനസംബന്ധമായ വ്യതിയാനങ്ങളോ ചലിക്കാതിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം.

അവസാന മാസത്തിലെത്തിയവര്‍ക്ക് ശക്തമായ വേദന, വെള്ളപ്പോക്ക് പോലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രസവത്തിന്റേതാവാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കാതെ ആശുപത്രിയിലെത്തണം.

അമിതമായ ക്ഷീണം, അവശത മുതലായവ അനുഭവപ്പെട്ടാല്‍ വ്രതം മുറിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. എന്നിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കണം.

ഗര്‍ഭിണികള്‍ വ്രതം മുറിക്കേണ്ടതെങ്ങിനെ?

ഊര്‍ജ്ജം സാവധാനം പുറത്ത് വിടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് വ്രതം മുറിക്കുന്ന സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടത്. പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫൈബര്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇവ മലബന്ധം തടയാനും സഹായകരമാകും.

മധുരം അമിതമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹനില അമിതമായി വര്‍ദ്ധിക്കുവാനും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുവാനും ഇടയാക്കും.

ചുവന്ന മാംസം (മട്ടണ്‍, ബീഫ്) ഒഴിവാക്കുക. ബീന്‍സ്, പരിപ്പ്, നന്നായി വേവിച്ച മാംസം (ചുവന്ന മാംസം ഒഴികെ), മുട്ട എന്നിവ ആവശ്യത്തിന് ഉപയോഗിക്കാ. ഇവയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

Test User: