ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദനഗറിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്.ഐ.വി രോഗിയുടെ രക്തമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് എച്ച്.ഐ.വി രോഗിയില്‍ നിന്ന് രക്തം സ്വീകരിച്ചത് രേഖകളില്‍ ചേര്‍ക്കാത്തതാണ് പിഴവിന് കാരണമായത്.
യുവതിയുടെ രക്തപരിശോധനയില്‍ ഇവര്‍ക്ക് എയിഡ്‌സ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുഞ്ഞിന് രോഗബാധയുണ്ടായോ എന്ന കാര്യം പ്രസവത്തിന് ശേഷമേ കണ്ടെത്താനാകൂ. യുവതിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും സൗജന്യ ചികിത്സയും നല്‍കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇനി സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ വേണ്ടെന്നും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഇക്കാര്യം ഉറപ്പ് വരുത്താമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രക്തം നല്‍കിയപ്പോള്‍ ഇക്കാര്യം യുവാവ് ജീവനക്കാരില്‍നിന്ന് മറച്ചുവെച്ചു. ഇത് കണ്ടെത്തുമ്പോഴേക്കും രക്തം ഗര്‍ഭിണിയായ യുവതിക്കു നല്‍കിയിരുന്നു.