സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു. എട്ടു മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ ഉദരത്തില്‍ നിന്ന് സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട തീക്കോയി അറുകുലപാലത്തിനു സമീപമാണ് സംഭവം. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34)ക്കാണ് ദാരുണാന്ത്യം.
അക്ഷയകേന്ദ്രത്തില്‍ പോയി സ്വകാര്യബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഷിദ സീറ്റു ലഭിക്കാത്തതിനാല്‍ വാതിലിനു സമീപത്താണ് നിന്നിരുന്നത്. ബസ് വളവു തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ നാഷിദ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്കു ഗുരുതരമായി പരിക്കേറ്റ നാഷിദയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.