അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന തുകയേക്കാള്‍ നാലിരട്ടി അധികം നല്‍കിയാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. 31 ഡ്രോണുകള്‍ക്കായി 25,000 കോടി, ഒരെണ്ണത്തിന് 800 കോടിയിലേറെ നല്‍കിയെന്ന് പവന്‍ ഖേര പറയുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടുപോലെയാണ് പ്രിഡേറ്ററെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അമേരിക്കന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഇത്തരം ചില ഹോബികള്‍ക്ക് രാജ്യം കനത്ത വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യില്‍ വലിയ നിക്ഷേപം നടത്തിയിട്ടും ഇതൊക്കെയാണ് രാജ്യത്ത് സംഭവിക്കുന്നതെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
ഘട്ടക്, റസ്തം ഡ്രോണുകളുടെ വികസനത്തിനായി ആദ്യം 1,786 കോടി രൂപ ഡിആര്‍ഡിഒയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ 25,000 കോടി അമേരിക്കയ്ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യ കാലഹരണപ്പെടുകയാണ്. എന്നിട്ടും എന്തുകൊണ്ട് ഇത്ര വലിയ കരാറില്‍ ഏര്‍പ്പെട്ടുവെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പവന്‍ ഖേര പറഞ്ഞു.