കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലെത്തിയിരുന്നെങ്കില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമായിരുന്നു എന്ന് കണക്കുകള്‍. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു.
തെരഞ്ഞെടുപ്പില്‍ 104 മണ്ഡലങ്ങളില്‍ വിജയിച്ച് ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായെങ്കിലും 78 സീറ്റുള്ള കോണ്‍ഗ്രസും 37 സീറ്റുള്ള ജെ.ഡി.എസ്സും സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു ശേഷമാണ് ഇത്തരമൊരു ധാരണയില്‍ പാര്‍ട്ടികള്‍ എത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പിനു മുമ്പു തന്നെ സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിയെ വലിയ ഒറ്റക്കക്ഷിയാവുന്നതില്‍ നിന്നു തടയാന്‍ കഴിയുമായിരുന്നു എന്നു മാത്രമല്ല വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താനും കോണ്‍ഗ്രസിന് കഴിയുമായിരുന്നു എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പു ഫലത്തിലെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ 156 സീറ്റുകള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അതേസമയം, ബി.ജെ.പിയാകട്ടെ 68 സീറ്റില്‍ ഒതുങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിനായി ബി.ജെ.പി മിക്ക മണ്ഡലങ്ങളിലും ജെ.ഡി.എസ്സിനെ പിന്തുണച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഈ കണക്കില്‍ കുറവുണ്ടാകാമെങ്കിലും സുരക്ഷിതമായി അധികാരം പിടിക്കാന്‍ ഇവര്‍ക്കാകുമായിരുന്നു എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ജെ.ഡി.എസ് വോട്ടു മറിച്ചതു കൊണ്ടാണ് ചില മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചത് എന്നും സൂചനകളുണ്ട്.
ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് തടയാന്‍ ശക്തമായ രാഷ്ട്രീയ കുതിരക്കച്ചവടുമായി ബി.ജെ.പി രംഗത്തുണ്ട്. ഇരു പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാരെ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് സ്വന്തം ചേരിയില്‍ നിര്‍ത്തി അധികാരമുറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, ഇത്തവണ അതില്‍ വിജയിച്ചാല്‍ തന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയായിരിക്കും ബി.ജെ.പിയെ കാത്തിരിക്കുക. കോണ്‍ഗ്രസും ജെ.ഡി.എസ്സും ബി.ജെ.പിയും വെവ്വേറെ മത്സരിച്ച 2014-ല്‍ 17 ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പി നേടിയത്. എന്നാല്‍, കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിച്ചാല്‍ നിലവിലെ തരംഗമനുസരിച്ച് 28 ലോക്‌സഭാ സീറ്റുകളില്‍ വെറും ആറെണ്ണം നേടാനേ ബി.ജെ.പിക്കു കഴിയൂ. തീരദേശ മേഖലയില്‍ രണ്ടും ബെംഗളുരുവില്‍ ഒന്നും മുംബൈ കര്‍ണാടകയില്‍ മൂന്നും സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് പരമാവധി ലഭിക്കുകയുള്ളൂ. ഹൈദരാബാദ് കര്‍ണാടകയിലും തെക്കന്‍ മേഖലയിലും നിലംതൊടാന്‍ ബി.ജെ.പിക്ക് കഴിയുകയുമില്ല.