X

പ്രീ ഇന്‍സ്റ്റാള്‍ഡ് ആപുകളും ഡിലീറ്റ് ചെയ്യാന്‍ കഴിയണം; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രീ ഇന്‍സ്റ്റാ ള്‍ഡ് ആപുകള്‍ ഉപയോക്താക്കള്‍ക്ക് നീക്കം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സംവിധാനിക്കണമെന്ന പുതിയ നിര്‍ദേശം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വച്ച് കേന്ദ്രം. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യാനാവില്ല. താരതമ്യേന സുരക്ഷ കുറഞ്ഞ ഇത്തരം ആപുകള്‍ ചൈന അടക്കമുള്ള രാജ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും ചാരവൃത്തിക്കുമായി ദുരുപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം നടപ്പാക്കുന്നതിന് കൃത്യമായ സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഐ.ടി മന്ത്രാലയത്തിനു കീഴില്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയിലാണ് കേന്ദ്രം നിര്‍ദേശം മുന്നോട്ടു വച്ചതെന്നാണ് വിവരം. ഔദ്യോഗികമായി നിര്‍ദേശം പിന്നീട് കൈമാറും.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ തീരുമാനം നടപ്പാക്കുന്നത് സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ പതിവായി ഉപയോഗിക്കപ്പെടുന്ന പ്രീ ഇന്‍സ്റ്റാള്‍ഡ് ആപുകളുടെ നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ടിക് ടോക് അടക്കം ചൈനീസ് സ്ഥാപനങ്ങള്‍ വികസിപ്പിച്ച 300ലധികം മൊബൈല്‍ ആപ്ലിക്കേഷനുകളാണ് 2020നു ശേഷം ഇന്ത്യ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരോധിച്ചത്. മറ്റു നിരവധി വിദേശ രാജ്യങ്ങളും ചൈനീസ് ആപുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിന് നിര്‍ബന്ധമായും സ്‌ക്രീനിങിന് വിധേയമാക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. നിലവില്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപുകള്‍ നീക്കം ചെയ്യാനും ഓപ്പറേറ്റിങ് സിസ്റ്റം സ്‌ക്രീനിങ് നടത്തുവാനും യുറോപ്യന്‍ യൂണിയനില്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ട്. ഇത് മാതൃകയാക്കാനാണ് ഇന്ത്യയും ആലോചിക്കുന്നത്.

webdesk11: