X
    Categories: MoreViews

‘ഗൂഢാലോചനക്കു പിന്നില്‍ നരേന്ദ്രമോദി’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ നരേന്ദ്രമോദി നീക്കം നടത്തിയതായി അദ്ദേഹം ആരോപിച്ചു. പേരു പറയാതെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്.’ തൊഗാഡിയ പറഞ്ഞു.
ആസ്പത്രി വിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍-ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുനെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാന്‍ ജെ.കെ ഭട്ട് ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഈ നടപടിയാണ് തൊഗാഡിയയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാന്‍ സാധിക്കും. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായി പരിശോധിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
ചില വീഡിയോ രംഗങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് തനിക്കെതിരെ തെളിവാക്കി പ്രചരിപ്പിക്കുകയാണ്. ഇത് ക്രൈംബ്രാഞ്ചല്ല, കോണ്‍സ്പിരസി (ഗൂഢാലോചന) ബ്രാഞ്ചാണ്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും, തൊഗാഡിയ പറഞ്ഞു.
2015ല്‍ തനിക്കെതിരായ കേസ് പിന്‍വലിച്ചിട്ടും രാജസ്ഥാനില്‍ നിന്ന് പൊലീസ് എത്തണമെങ്കില്‍ ഉന്നത ഗൂഢാലോചന ഉറപ്പാണെന്നും തൊഗാഡിയ പറഞ്ഞു.

chandrika: