ജയ്പൂര്‍: വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സവായ് മാധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നിരോധനാജ്ഞ ലംഘിച്ച് ഗംഗാപൂരില്‍ പ്രസംഗിച്ചതിനാണ് 15 വര്‍ഷം മുമ്പ് പ്രവീണ്‍ തൊഗാഡിയക്കെതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്.
രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും വ്യാജഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്നും തൊഗാഡിയ വെളിപ്പെടുത്തിയിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഗാഡിയയെ ചോദ്യം ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് എത്തിയതിന് പിന്നാലെ തൊഗാഡിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ തൊഗാഡിയയെ പാര്‍ക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹിയിലെ ബോസാണ് ഇതിന് പിന്നിലെന്ന് മോദിയെ പരോക്ഷമായി തൊഗാഡിയ കുറ്റപ്പെടുത്തുന്നത്. താന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും തൊഗാഡിയ പറഞ്ഞിരുന്നു.