X

വ്യാജഏറ്റുമുട്ടലിലൂടെ ബി.ജെ.പി പൊലീസ് തന്നെ കൊല്ലുമെന്ന് കണ്ണീരോടെ പ്രവീണ്‍ തൊഗാഡിയ

അഹമ്മദാബാദ്: ബി.ജെ.പി സര്‍ക്കാരുകളുടെ പൊലീസ് തന്നെ വേട്ടയാടുന്നുവെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പഴയ കേസിന്റെ പേരില്‍ രാജസ്ഥാന്‍,ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തൊഗാഡിയ പറഞ്ഞു.

ഷുഗര്‍ കുറഞ്ഞതുമൂലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു താന്‍. ഈ സമയത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ പൊലീസ് എത്തിയിരുന്നുവെന്ന് തൊഗാഡിയ പറയുന്നു. പഴയകേസില്‍ പൊലീസ് വേട്ടയാടുകയാണ്. വ്യാജഏറ്റുമുട്ടലിലൂടെ നിങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ഒരാള്‍ തന്നോട് ആസ്പത്രിയിലെത്തി പറഞ്ഞുവെന്നും തൊഗാഡിയ പറഞ്ഞു. അതിനുശേഷം താന്‍ ആസ്പത്രിയില്‍ നിന്നിറങ്ങുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ബോധം തിരിച്ചുകിട്ടുമ്പോള്‍ താന്‍ ആസ്പത്രിയിലായിരുന്നുവെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

പത്തുവര്‍ഷം മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം അദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തു. തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ തന്നെ പൊലീസ് വേട്ടയാടുന്നുവെന്ന് കണ്ണീരോടെ പറഞ്ഞ് തൊഗാഡിയതന്നെ രംഗത്തെത്തുകയായിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയ തൊഗാഡിയ തന്നെ പൊലീസ് വേട്ടയാടുകയാണെന്നും വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കുകയായിരുന്നു.

chandrika: