സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രവീണ്‍ റാണയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനാ കുറ്റവുമാണ് ഇയാള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. 40 പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഭിച്ചത്. തൃശൂര്‍ വെസ്റ്റ്, പീച്ചി, കുന്നംകുളം, ചേര്‍പ്പ്, വിയ്യൂര്‍ എന്നിവിടങ്ങളിലാണ് കേസ്. 30 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊള്ളാച്ചിയിലെ ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയിലെ ഷെഡില്‍നിന്ന് സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച്ച പിടികൂടിയ റാണയെ തൃശൂരില്‍ എത്തിച്ചാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളത്തു നിന്നും പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രവീണ്‍ പൊള്ളാച്ചിയില്‍ നിന്നും കരിങ്കല്‍ ക്വറിയിലെ തൊഴിലാളിയുടെ ഫോണില്‍ നിന്നും ഭാര്യയെ വിളിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പ്രവീണിലേക്ക് അന്വേഷണസംഘം എത്തുന്നത്.
പ്രഥാമിക ചോദ്യം ചെയ്യലില്‍ പണം ധൂര്‍ത്തടിച്ച് കളഞ്ഞുവെന്നാണ് റാണ പറയുന്നത്.