ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: പ്രവാസികളുടെ നിസ്സഹായതയില്‍ പിടിമുറുക്കി കൊള്ളപ്പലിശക്കാര്‍ വ്യാപകമാകുന്നു. സാധാരണക്കാരന്റ അത്യാവശ്യങ്ങളാണ് പലപ്പോഴും അവനെ പലിശക്കാരുടെ കത്തിക്ക് കഴുത്തു വെച്ചു കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഒരേ സമയം കൈത്താങ്ങും പേടി സ്വപ്‌നവുമായി വളരുന്ന പലിശക്കാരുടെ ഇടപെടല്‍ മൂലം കുടുംബങ്ങള്‍ അനാഥമാകുന്ന അവസ്ഥകളുണ്ട്. ചെറിയ തുക വലിയ പലിശക്കു വാങ്ങി ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു പലിശ കൊടുക്കുന്ന ഒട്ടനവധി പ്രവാസി മലയാളികള്‍ ഉണ്ട്. ഒരിക്കലും അത് മുതലിലേക്ക് എത്തില്ല എന്നതാണ് പലശക്കാരുടെ പൊതു രീതി. ഒരക്കല്‍ പെട്ടു പോയവര്‍ക്ക് പിന്നെയൊരിക്കലും അതില്‍ നിന്ന് കരകയറാനാകില്ല.
നാട്ടില്‍ പോകാനാവാതെ കൊള്ളപ്പലിശ കൊടുത്തു മുടിഞ്ഞവര്‍ ഗള്‍ഫില്‍ നിരവധിയുണ്ട്. റസല്‍ഖൈമയില്‍ ഇത്തരത്തില്‍ കുടങ്ങിയവര്‍ ഒട്ടനവധി. ആയിരം മുതല്‍ പതിനായിരങ്ങള്‍ വരെ കടം വാങ്ങി പക്ഷെ തിരിച്ചടക്കുമ്പോഴേക്കും ലക്ഷങ്ങള്‍ ആയിത്തീരുന്നു. ബിസിനസ്സ് തുടങ്ങാന്‍ അല്ലെങ്കില്‍ നാട്ടിലെ കടങ്ങള്‍ വീട്ടാന്‍ ആണ് കൂടുതല്‍ പേരും ഇത്തരം സംഘങ്ങളുടെ സഹായം സ്വീകരിക്കുന്നത്. പക്ഷെ അത് പിന്നീട് അവര്‍ക്ക് ഒരിക്കലും നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാത്ത ചതിക്കുഴി ആണന്നു തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.
കൊള്ളപ്പലിശക്കാരുടെ രീതി ഇങ്ങനെ:
പതിനായിരം രൂപ ആവിശ്യമുണ്ടങ്കില്‍ അവര്‍ക്ക് പണം കൊടുക്കുകയും അതിന് പകരം അവര്‍ അവരുടെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും പിന്നീട് മാസാമാസം മുതലും പലിശയും എന്നപേരില്‍ ഒരു നിശ്ചിത സംഖ്യ ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്യും. എന്നാല്‍ വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. അവസാനം മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. പതിനായിരം വാങ്ങിയവര്‍ തിരിച്ചടവ് തീരുമ്പോഴേക്കും മുപ്പതിനായിരമെങ്കിലും കവിഞ്ഞിട്ടുണ്ടാകും.
ഏതെങ്കിലും വിധത്തില്‍ ഇതിനെ ചോദ്യ ചെയ്താല്‍ മുന്‍പ് ഒപ്പിട്ടു നല്‍കിയ ചെക്ക് വിനയാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാങ്ങിയ ആള്‍ക്ക് തിരിച്ചടവ് തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകും. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇഷ്ടമുള്ള തുക എഴുതി നിയമ നടപടി സ്വീകരിച്ച് ഇവരെ കുടുക്കുന്ന രീതിയാണ് കൊള്ളപ്പലിശക്കാര്‍ സ്വീകരിച്ചു വരുന്നത്.ഇത്തരത്തില്‍ ഒട്ടനവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. യാതൊരു തെളിവുകളും ഇവരുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ നിയമം ഇവര്‍ക്ക് പ്രതികൂലമായിരിക്കും. ഒപ്പിട്ട ചെക്ക് കൈവശമുള്ളതിനാല്‍ പലിശക്കാര്‍ നല്‍കുന്ന പരാതിയില്‍ നിയമത്തിന്റെ കണ്ണില്‍ കടം വാങ്ങിയവന്‍ തെറ്റുകാരനനുമാകും. ഒട്ടനവധി മലയാളികള്‍ നാട് കാണാതെയും, കുടുംബത്തോടപ്പവും ഇങ്ങനെ പ്രവാസ ലോകത്ത് കഴിയുന്നുണ്ട്. പലിശക്കാരുടെ കയ്യില്‍ അകപ്പെടാതെ സൂക്ഷിക്കുക മാത്രമാണ് ഇതിനു പരിഹാരം.