തിരുവനന്തപുരം: കേരളത്തിലുള്ള തങ്ങളുടെ വസ്തുവകകള്‍ കൃത്രിമരേഖയുണ്ടാക്കിയും കൈവശാവകാശം ഉന്നയിച്ചും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആക്ഷേപം. ഇതിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പ്രശ്‌നപരിഹാരത്തിന് പ്രവാസി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ്് നിവേദനത്തിലെ പ്രധാന ആവശ്യം.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കാലതാമസമാണ് ബന്ധുക്കള്‍ക്കും കയ്യേറ്റക്കാര്‍ക്കും മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അനുകൂലമായ പ്രധാന ഘടകമെന്ന് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സേവി മാത്യു വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് നാട്ടില്‍ വന്ന് കോടതിയില്‍ കേസുകള്‍ നടത്തുന്നതിന് താമസിക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയാണ്. കൃത്രിമ രേഖകള്‍ ചമച്ച് വസ്തുക്കള്‍ കൈവശപ്പെടുത്തുന്നതിനെതിരേ നല്‍കുന്ന കേസ് സിവില്‍ കേസായാണ് പരിഗണിക്കുന്നത്.
കേസിനൊടുവില്‍ യഥാര്‍ഥ ഉടമസ്ഥന് വസ്തു തിരിച്ചു നല്‍കണം എന്നതു മാത്രമായിരിക്കും ഒടുവിലുണ്ടാകുന്ന വിധി. എന്നാല്‍ അതിനകം കേസ് നടത്തിയ വകയില്‍ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യും. ഇത്തരത്തില്‍ യഥാര്‍ഥ ഉടമസ്ഥനെ ബുദ്ധിമുട്ടിച്ചതിന് നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരണം. കൈവശാവകാശം തെറ്റായി വ്യാഖ്യാനിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൈവശാവകാശ നിയമം കാലോചിതമായി പരിഷ്‌കരിക്കണം.
കയ്യേറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാന്‍ വ്യവസ്ഥയുണ്ടാകണം. പ്രവാസികളുടെ സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് രജിസ്ട്രി കൊണ്ടുവരണം. മിക്ക രാജ്യങ്ങളിലും മലയാളികള്‍ ഉണ്ട്. അതില്‍ നല്ലൊരു ശതമാനം പേര്‍ക്കും കേരളത്തില്‍ വസ്തുവകകള്‍ ഉണ്ട്. അതിനാല്‍ അവരുടെ സ്ഥിതിവിവര കണക്കും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും വാര്‍ത്താസമ്മേളനത്തില്‍ സംബബന്ധിച്ചു.