ദമ്മാം. കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിമൂന്നാമത് പ്രവാസി സാഹിത്യോസവിന് ദമാമിൽ ഉജ്ജ്വല പരിസമാപ്തി. വിവിധ തലങ്ങളിൽ രണ്ടുമാസം നീണ്ടു നിന്ന തുടർ മത്സരങ്ങൾക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ദമാം ഫൈസലിയ ഖസ്ർ ലയാലി ഓഡിറ്റോറിയത്തിൽ കൊടിയിറങ്ങിയത്. സൗദി സെൻട്രൽ, കിഴക്കൻ മേഖലയിൽ നിന്നുള്ള ഒമ്പത് സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ 234 പോയിന്റുകൾ നേടി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി.
യഥാക്രമം ദമ്മാം, റിയാദ് സിറ്റി സോണുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. അൽ ഹസയിൽ നിന്നെത്തിയ ഇഹ്‌സാൻ ഹമദ് മൂപ്പൻ സാഹിത്യോത്സവിലെ കലാപ്രതിഭയും റിയാദ് നോർത്തിലെ സെൻഹ മെഹ്‌റിൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്‌ഘാടന കർമം നിർവഹിച്ചു. അൽജൗഫ്, ഹായിൽ, ഖസീം, റിയാദ് നോർത്ത്, റിയാദ് സിറ്റി, ദമ്മാം, അൽഖോബാർ, അൽ അഹ്സ, ജുബൈൽ സോണുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 800 ലധികം മത്സരാർഥികൾ പങ്കെടുത്ത സാഹിത്യോത്സവ് ജനകീയത കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
സാഹിത്യോത്സവ് ഉദ്‌ഘോഷിക്കുന്ന പ്രമേയം ‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന വിഷയത്തെ അധികരിച്ച് സംവാദവും, സൗദിയിലെ സാംസ്‌കാരിക മാധ്യമ സാഹിത്യ പൊതു മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ ഭാഗമായി അരങ്ങേറി. സംവാദത്തിൽ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോ ഡയറക്ടർ മജീദ് അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്ബർ അബ്ദുൽ ഖാദർ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പങ്കെടുത്തു. ലുഖ്‌മാൻ വിളത്തൂർ മോഡറേറ്റ് ചെയ്തു. വൈകുന്നേരം രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഇബ്‌റാഹീം അംജദിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആൽബിൻ ജോസഫ്, നാസ് വക്കം, ബിജുകല്ലുമല, സാജിദ് ആറാട്ടുപുഴ, ഹമീദ് വടകര, ലുഖ്‌മാൻ പാഴൂർ, സലിം പാലച്ചിറ, ഇകെ സലിം, സിറാജ് പുറക്കാട്, ഇഖ്ബാൽ വെളിയങ്കോട്, അഷ്‌റഫ് പട്ടുവം, മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി, നൗഷാദ് മണ്ണാർക്കാട് സംബന്ധിച്ചു.
10 വേദികളിലായി നടന്ന സാഹിത്യോത്സവ് സമയ ക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. അടുത്തവർഷം ഹയിലിൽ നടക്കുന്ന സാഹിത്യോത്സവ് 2024 ന്റെ പ്രഖ്യാപനം രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ നിർവഹിച്ചു.സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടറേറ്റ് അംഗം എംകെ ഹാമിദ് മാസ്റ്റർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിമാരായ സലീം പട്ടുവം, ഉമർ അലി കോട്ടക്കൽ, അഹ്‌മദ് കബീർ ചേളാരി, അൻസാർ കൊട്ടുകാട് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി സ്വാഗതവും സ്വാഗത സംഘം ഫിനാൻസ് കൺവീനർ മുനീർ തോട്ടട നന്ദിയും പറഞ്ഞു.