അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സി എം ഡി യുമായ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ പുരസ്‌കാരം ഏറ്റുവാങ്ങി. റിയാദിൽ ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ പ്രസിഡണ്ടിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ ഡോ. സിദ്ദീഖ് അഹമ്മദിന് പുരസ്കാരം കൈമാറുന്നന്നതെന്ന് അംബാസഡർ പറഞ്ഞു.
ഇന്ത്യ സഊദി ബന്ധങ്ങളിൽ ഊഷ്മളത വളർത്തുന്നതിൽ ഡോ. സിദ്ദീഖ് അഹമ്മദിനെ പോലുള്ള വ്യവസായികൾ വഹിക്കുന്ന പങ്ക് അനിർവചനീയമാണെന്ന് അംബാസഡർ പറഞ്ഞു.
കഴിഞ്ഞ പ്രവാസി ഭാരതീയ ദിനത്തിൽ പ്രഖ്യാപിച്ച പുരസ്‌കാരം കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏറ്റുവാങ്ങാൻ സാധിച്ചിരുന്നില്ല. ഡൽഹിയിൽ നടക്കേണ്ട ചടങ്ങ് സഊദിയിലെ വ്യവസായി എന്ന നിലയിൽ റിയാദിലേക്ക് മാറ്റുകയായിരുന്നു. വ്യാവസായിക രംഗത്തെ മികവിനാണ് പ്രവാസി പുരസ്കാരം ഡോ. സിദ്ദീഖ് സാഹിബിനെ തേടിയെത്തിയത്. ഇന്ത്യയിലും സഊദിയിലും ജിസിസി രാജ്യങ്ങളിലുമടക്കം മറ്റു വിദേശ രാജ്യങ്ങളിലും വിവിധ മേഖലകളിൽ നിക്ഷേപമിറക്കിയ ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസലോകത്തെ മലയാളി സമൂഹത്തിന്റെ അഭിമാനമാണ് . നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് കൈകോർത്ത ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുകയും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ദയിലെത്തിക്കുകയും മുന്നണിയിലുള്ള ചുരുക്കം വ്യവസായികളിൽ ഒരാളാണ്.
റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ എംബസി ഫസ്റ്റ് സെക്രട്ടറി റിതു യാദവ് , ശിഹാബ് കൊട്ടുകാട് , ഡോ. കരീമുദ്ധീൻ, സീനത്ത് ജിഫ്രി, സിറാജ് വഹാബ് എന്നിവർ പങ്കെടുത്തു.