കോഴിക്കോട്: അറബിക്കടലിന്റെ അലമാലകള്‍ അകന്നു, തീരത്ത് വിദ്യാര്‍ഥി സാഗരം പുതുചരിത്രമെഴുതി. സായാഹ്നത്തില്‍ കടല്‍ ശാന്തമായപ്പോള്‍ തീരം സമസ്തയുടെ നിറയൗവ്വനത്തിന്റെ തിരയേറ്റത്തില്‍ ലയിച്ചു.മൂന്നര പതിറ്റാണ്ടിന്റെ കര്‍മസാഫല്യ സാക്ഷ്യവുമായി കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.
രാജ്യത്തെ ഏറ്റവും വലിയ മത സംഘടിത ശക്തിയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എഫിന്റെ കോഴിക്കോട് മുഖദ്ദസ് നഗരയില്‍ നടന്ന 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലായി. ‘സത്യം, സ്വത്വം, സമര്‍പ്പണം’ പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ധാര്‍മികസംഘം മൂന്നുദിവസം കോഴിക്കോട്ട് സംഗമിച്ചത്. 35ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമര്‍പ്പിച്ച വിജിലന്റ് വിഖായയുടെ റാലി മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിച്ചതോടെ തന്നെ നഗരവും കടലോരവും വിദ്യാര്‍ഥികളാല്‍ നിറഞ്ഞു.
ത്വലബ, വിഖായ വിങ്ങുകളും സംഘടനാ പ്രവര്‍ത്തകരും മുന്‍ പ്രതിനിധികളും സമതസ്തക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചവരും ചേര്‍ന്നതോടെ കോഴിക്കോട്ട് പുതിയ വിദ്യാര്‍ഥി വിപ്ലവം പിറവിയെടുത്തു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇന്നലെ മുതല്‍ കോഴിക്കോട്ടേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കായിരുന്നു. നിയമപാലകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തകരുംഅവരെ നിയന്ത്രിച്ച് വളണ്ടിയര്‍മാരും നഗരത്തിലെ ഗതാഗതക്കുരുക്കഴിച്ചു.
കഴിഞ്ഞ 30ന് മുന്‍ഗാമികളുടെ ഖബര്‍ സിയാറത്തോടെയാണ് എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന് തുടക്കമായത്. പാണക്കാട്, കെ.വി ഉസ്താദ് എടപ്പാള്‍, സി.എച്ച് ഹൈദ്രോസ് മുസ് ലിയാര്‍ എടപ്പാള്‍, കെ.കെ അബൂക്കര്‍ ഹസ്‌റത്ത് എന്നിവിടങ്ങളിലെ സിയാറത്തിന് പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങളും കെ.ടി മാനുമുസ്‌ലിയാര്‍ കരുവാരക്കുണ്ട്, നാട്ടിക വി. മൂസ മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ പയ്യനാട് എന്നിവടങ്ങളിലെ സിയാറത്തിന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി.
31ന് വരക്കല്‍ മഖാം സിയാറത്തിനും പതാക ജാഥയ്ക്കും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയായിരുന്നു നേതൃത്വം. കടപ്പുറത്തെ മുഖദ്ദസ് നഗരിയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. ഫെബ്രുവരി ഒന്നിന് ടാലന്റ് ഹോം, മജ്‌ലിസുന്നൂര്‍, രണ്ടിന് ത്വലബ വിളംബര റാലി, ശംസുല്‍ ഉലമ മൗലിദ് എന്നിവയ്ക്കു ശേഷം നടന്ന ഉദ്ഘാടന സമ്മേളനം ആഗോള പ്രശസ്ത പണ്ഡിതനും അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബു സൈദ് അല്‍ആമിര്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഇന്നലെ പ്രതിനിധി സമ്മേളനവും ഇന്ന് ഗ്ലോബല്‍ പ്രവാസി മീറ്റ്, ട്രെന്റ് റിസോഴ്‌സ് ബാങ്ക്, വിഖായ ഗ്രാന്റ് അസംബ്ലി, വിജിലന്റ് വിഖായ റാലി എന്നീ പരിപാടികള്‍ക്കു ശേഷമാണ് സമാപന മഹാസമ്മേളനം പുരോഗമിക്കുന്നത്.