മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് സംസ്ഥാന സ്പീക്കറുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന് സ്പീക്കറാകും മുമ്പ് നിയമസഭയിലെ റോള്‍ പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം ബഹളം വെക്കുക എന്നതായിരുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇപ്പോള്‍ ഏതാനും ചില സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനകള്‍ മാത്രമായി മാറിയിട്ട് നാളേറെയായി. ഈ സംഘടനകളില്‍ നിന്നും വരുന്ന എം.എല്‍.എമാര്‍ക്ക് സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്തെങ്കിലും ബഹളമുണ്ടാക്കുക എന്ന റോളാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നയാളാണ് സ്പീക്കര്‍.
ഇത്തരത്തില്‍ വികൃതി പയ്യനായ ഒരാളെ ഒരു ദിവസം പിടിച്ച് സി.പി.എം സ്പീക്കറാക്കി. അതോടെ കേരളം കരുതിയത് വികൃതിപ്പയ്യന്‍മാരെ നന്നാക്കാന്‍ അധ്യാപകര്‍ അവരെ പിടിച്ച് ലീഡറാക്കാറുള്ളതു പോലെ നന്നാക്കാനായുള്ള ശ്രമം നടത്തിയതാണെന്നായിരുന്നു. സ്പീക്കര്‍ പദവി സര്‍ക്കസിലെ ട്രപ്പീസ് കളി പോലെയാണെന്ന് അറിഞ്ഞിട്ടും സ്പീക്കറായി ആദ്യ ദിവസങ്ങളില്‍ ഭരണ പക്ഷത്തെ ബഹളങ്ങള്‍ക്കെതിരെ വടി എടുത്തപ്പോള്‍ ശ്ശെടാ ഇതെന്താ സംഭവിക്കുന്നതെന്ന് എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പക്ഷേ പിന്നീടായിരുന്നു ട്വിസ്റ്റ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചറപറാ ആരോപണങ്ങള്‍. ദിനേന എന്നവണ്ണം സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുടെ പെരുമ്പറ തീര്‍ത്തതോടെ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യനും മന്ത്രിമാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കാതായി. ഇതോടെ ഊരിപ്പിടിച്ച വടിവാളിനും പിച്ചാത്തിപ്പിടിക്കും നടുവിലൂടെ ഊര്‍ന്നു നടന്നെന്ന പതിവ് തള്ളൊക്കെ മതിയാക്കി സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കണ്ണുരുട്ടി. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടുക തന്നെ എന്ന പോളിസി. പിന്നീട് കണ്ടത് സര്‍ക്കാറിന്റെ യൂ ടേണിനേക്കാളും വലിയ യൂടേണായിരുന്നു ഷംസീറിന്റെ ഭാഗത്തു നിന്നും. ചെറിയ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരൊക്കെ അടുത്ത തവണ തോല്‍ക്കുമെന്ന് സ്ഥാനം പോലും മാനിക്കാതെ പ്രതിപക്ഷത്തെ നോക്കി പറയാന്‍ സ്പീക്കര്‍ മടിച്ചില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അതായത് സഭയില്‍ ബി.ജെ.പി വന്നാലും വേണ്ടില്ല ഷാഫി വേണ്ടെന്ന് സാരം. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വെന്തുരുകുമ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും, അമിത് ഷായും, പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ സ്പീക്കര്‍.
ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍. സഭാനാഥന്‍ മാത്രമായി ഭരണ പക്ഷത്തോട് റൂള്‍ ചോദിച്ചാല്‍ പിണറായി ഉള്‍പ്പെടെ പാര്‍ട്ടി കണ്ണുരുട്ടും, ഇനി പാര്‍ട്ടിക്കാരനായി സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ പ്രതിപക്ഷം പ്രശ്‌നമാക്കും. പ്രതിപക്ഷം എന്തു പറഞ്ഞാലും കുഴപ്പമില്ല സഖാക്കള്‍ കണ്ണുരുട്ടിയാല്‍ ഷാഫി തോല്‍ക്കുമെന്ന് പറഞ്ഞത് പോലെയാകില്ല കാര്യം. അടുത്ത തവണ ടിക്കറ്റ് പോലും കയ്യാലപ്പുറത്താകും. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന മുഖ്യനും സംഘവും ഇങ്ങനെ തുറിച്ചു നോക്കിയാല്‍ പിന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന സ്പീക്കറെന്ന പ്രതിഛായ തല്‍ക്കാലം അട്ടത്ത് വെക്കുക തന്നെ. പാര്‍ട്ടി നിലവാരത്തിലേക്ക് താഴേക്കിറങ്ങുക തന്നെ വഴി. സ്വന്തമായി പീഡന തീവ്രത വരെ അളക്കാന്‍ മാപിനിയുള്ള പാര്‍ട്ടിയായതിനാല്‍ കോടതിയും ജഡ്ജിയുമൊക്കെ അവിടെയുണ്ടാകും അതിനാല്‍ നീതിയും ന്യായവും തല്‍ക്കാലം നോക്കാനാവില്ല. ചട്ടവും റൂളുമൊന്നും നോക്കേണ്ട പ്രതിപക്ഷത്തിന്റെ നോട്ടീസിന് ചവറ്റുകുട്ട തന്നെ സ്ഥാനം. നമ്മള്‍ അധ്വാനിച്ചാല്‍ നമ്മള്‍ക്ക് ജീവിക്കാമെന്ന പൊതു തത്വം നോക്കി അവനവന്റെ തടി സലാമത്താക്കുക തന്നെ. ഭരണപക്ഷ നിരയിലെ പ്രശ്‌നക്കാരന്‍ എന്ന നിലിയില്‍ നിന്ന് സ്പീക്കര്‍ കസേരയില്‍ എത്തിയപ്പോള്‍ പാടേ മാറി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നല്ല സ്പീക്കര്‍ എന്ന ഖ്യാതി നേടിയെന്ന തോന്നല്‍ ഷംസീറുണ്ടാക്കിയിരുന്നു. എന്നാല്‍ കേരള മുഖ്യന്റെ ഒരൊറ്റ നോട്ടം കൊണ്ട് പ്രതിഛായ കപ്പല് കയറുന്ന സ്ഥിതിയിലായി. ഇനിയിപ്പോ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് അങ്ങനെ നിഷ്പക്ഷ ഇമേജൊന്നും നേടേണ്ടെന്ന് ഷംസീറിനും തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. അത്രമേല്‍ വലിയ ആരോപണ പ്രതിസന്ധിക്കകത്താണ് പാര്‍ട്ടി ചെന്നു പെട്ടിരിക്കുന്നത്. ഓരോ വിവാദങ്ങളും തീരുമ്പോള്‍ അടുത്തത് പൊങ്ങി വരും.