X

ഇന്‍സ്‌പെക്ടര്‍ ഉദ്ദംസിങ് ഹാജര്‍

ഓം പുരി, പഞ്ചാബി ഹിന്ദു, വയസ്സ് ഈ ഒക്‌ടോബര്‍ 18ലേക്ക് 66, അന്തര്‍ ദേശീയ സിനിമാനടന്‍, പത്മശ്രീ പുരസ്‌കാര ജേതാവ്, അച്ഛന്‍ റിട്ടയര്‍ഡ് സൈനികന്‍. മുംബൈ അന്ധേരി ഇ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ തയ്യാറായിക്കഴിഞ്ഞു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയാണ് ആഗോള ശ്രദ്ധേയനായ നടന്റെ ദേശക്കൂറ് ചോദ്യം ചെയ്തിരിക്കുന്നത്. നിതിന്‍കുമാര്‍ എന്ന പട്ടാളക്കാരന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഓം പുരിയുടെ പരാമര്‍ശം. ‘ആരാണ് അദ്ദേഹത്തോട് സേനയില്‍ ചേരാന്‍ ആവശ്യപ്പെട്ടത്?’ എന്ന ചോദ്യം പുരിയെ ശരിക്കും പ്രതിക്കൂട്ടിലാക്കി. ചാനലുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ട് അദ്ദേഹം മാപ്പു പറഞ്ഞു, രാജ്യത്തോട്, പട്ടാളക്കാരോട്. പട്ടാളത്തിന് മുന്നില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ദേശക്കൂറിന്റെ മൊത്തക്കുത്തകക്കാരായ അര്‍ണബ് ഗോസാമിമാര്‍ക്ക് പോരാ. അവര്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുകൊണ്ടിരിക്കുക തന്നെയാണ്. കാര്‍ഗിലില്‍ വെടിയേറ്റു മരിച്ച സൈനികന്റെ പിതാവിന്റെ വേദന സിനിമയില്‍ അവതരിപ്പിച്ചു കൈയടി വാങ്ങിയ ഓംപുരിയോട് രാജ്യം പൊറുക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ അത്തരം ഒരു പരാമര്‍ശത്തിലേക്ക് നയിച്ചത് മറ്റൊരു ചര്‍ച്ചയായിരുന്നു. പാകിസ്താന്‍കാരായ സിനിമാതാരങ്ങള്‍, തീവ്രവാദികളല്ല എന്ന സല്‍മാന്‍ഖാന്റെ പ്രസ്താവന. അതിനെ പിന്തുണച്ചു സംസാരിക്കവെയാണ്, എന്തിനെയും സൈനികരുമായി ബന്ധപ്പെടുത്തി നടത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ ഇരയായി ഓംപുരി മാറിയത്. ഇനി അറേബ്യയിലെ സുഗന്ധദ്രവ്യങ്ങളത്രയും വാരിപ്പൂശിയാലും രക്ഷപ്പെടാനാവില്ല.വംശീയ വിദ്വേഷം എന്ന ഫാഷിസ്റ്റ് തന്ത്രത്തിന് ഇനിയും ഒരുപാട് ഇരകളെ വേണം. രാജ്യം സ്വതന്ത്രമായതുമുതലുള്ള പ്രശ്‌നമാണ് കശ്മീര്‍. പാകിസ്താനെ പകുത്ത് ബംഗ്ലാദേശ് എന്ന രാജ്യം രൂപപ്പെടുത്തിയത് ഇന്ദിരാഗാന്ധിയുടെ കാലത്തെ ഇന്ത്യയാണ്. ഇതിനിടയില്‍ കശ്മീരില്‍ നിരവധി ഏറ്റുമുട്ടലുകളും കൊലകളും നടന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ നിര്‍ബാധം നടക്കുമ്പോള്‍ തന്നെയാണ് ഒരു ഭാഗത്ത് സമാധാന ശ്രമങ്ങളും വ്യാപാരക്കരാറുകളുമെല്ലാം ഉണ്ടായത്. ഇപ്പോഴും വാഗ അതിര്‍ത്തിയില്‍ സൈനികര്‍ തന്നെ സ്‌നേഹവും ബഹുമാനവും കൈമാറുന്നുണ്ട്. അല്ലെങ്കില്‍ തന്നെ കശ്മീരിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടായിരുന്നില്ലല്ലോ, പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ജന്മദിന സമ്മാനം നല്‍കാന്‍ നരേന്ദ്രമോദി ഇസ്‌ലാമാബാദിലേക്ക് പറന്നത്. ചൈനയുമായും ഇന്ത്യക്ക് അതിര്‍ത്തി പ്രശ്‌നമുണ്ട്. യുദ്ധത്തിന് സമാനമായ സാഹചര്യം ചൈനീസ് അതിര്‍ത്തിയിലുമുണ്ട്. ചൈനക്കില്ലാത്ത ഒരു മാനം പാകിസ്താനുമായും കശ്മീരുമായും ബന്ധപ്പെടുമ്പോഴുണ്ടാകുന്നു. അതിന് വംശീയ സ്വഭാവം കൈവരുന്നു. വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ ഭരണചക്രം തിരിക്കുമ്പോള്‍ സ്വാഭാവികം.
പാകിസ്താന്‍ നരകമല്ല, അവിടെയും നല്ല മനുഷ്യരുണ്ട് എന്ന് പറഞ്ഞതിനാണ് കര്‍ണാടക എം.പിയും സിനിമാനടിയുമായ രമ്യ ആക്രമിക്കപ്പെട്ടത്. പാകിസ്താനില്‍ നല്ല മനുഷ്യരുമുണ്ട് എന്ന് പറയുന്നതുപോലും രാജ്യദ്രോഹമാകുന്ന അവസ്ഥയിലാണ് ഈ ഭാരത ദേശം. ജനനം കൊണ്ടുതന്നെ മോക്ഷപ്രാപ്തിയുള്ള ഭാരതഖണ്ഡത്തിന്റെ അതിര്‍ത്തി അങ്ങ് അഫ്ഗാനിസ്ഥാനിലോളം പോകും. ഇങ്ങ് ശ്രീലങ്ക വരെയും. മഹാഭാരതത്തിലെ ഗാന്ധാരിയുടെ നാട് അഫ്ഗാനിലെ ഗാന്ധാരമാണല്ലോ. വാജ്‌പേയി പ്രധാനമന്ത്രിയും എല്‍.കെ അദ്വാനി ആഭ്യന്തര മന്ത്രിയുമായിരിക്കെ, ഭീകരവാദികളായ മസൂദ് അസ്ഹറിനെയും കൂട്ടാളികളെയും വിട്ടയക്കാനായി ഇന്ത്യന്‍ സംഘം പോയ ഖാണ്ഡഹാര്‍ പഴയ ഗാന്ധാരമാണ്.
ചാര്‍ളി വില്‍സന്‍സ് വാര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ പാകിസ്താന്‍ മുന്‍ പട്ടാളത്തലവന്‍ ജന. സിയാവുല്‍ ഹഖിനെ അവതരിപ്പിച്ചത് ഓം പുരിയായിരുന്നു. ധാരാളം ബ്രിട്ടീഷ്, അമേരിക്കന്‍ സിനിമകളില്‍ അഭിനയിച്ച പുരിയുടെ ആദ്യ പാകിസ്താനി സിനിമ പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ബലിപെരുന്നാളിനാണ്. ആക്ഷന്‍ ഇന്‍ ലോ എന്ന് പേരിട്ട ഈ ഹാസ്യപ്രധാന ഉറുദു ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു റോളാണ് ഓംപുരിയുടേത്. ബോളിവുഡ് സിനിമകളില്‍ ധാരാളം പാകിസ്താന്‍കാര്‍ അഭിനയിക്കുന്നുണ്ട്. മറാത്തികളല്ലാത്ത മുഴുവന്‍ പേര്‍ക്കും എതിരെ വംശവെറി കാട്ടുന്ന ശിവസേനയും നവനിര്‍മാണ്‍ സേനയുമാണ് പാകിസ്താന്‍ താരങ്ങള്‍ക്കെതിരായ ആദ്യ വെടി പൊട്ടിച്ചത്. ഉറിയുടെ പശ്ചാത്തലത്തില്‍ പാക് താരങ്ങളെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹിന്ദി സിനിമാനിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിനുള്ള പ്രതികരണമായിരുന്നു സല്‍മാന്‍ഖാന്റേത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ച ഓം പുരിയുടെ ആദ്യ ചിത്രം ഖഷിറാം കൊത്‌വാള്‍ ആയിരുന്നു- 1976ല്‍. ഭവാനി ഭാവെ (1980), സദാഗതി (1981), അര്‍ധസത്യ (1982), മിര്‍ച്ച് മസാല (86) എന്നിങ്ങനെ ഓംപുരി പിന്നെ വെറുതെയിരുന്നിട്ടില്ല. ആദിവാസിയെയും മാര്‍ക്‌സിസ്റ്റുകാരനെയും ഗാരേജ് മെക്കാനിക്കിനെയും ട്രേഡ് യൂണിയനിസ്റ്റിനെയുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച ഓംപുരിക്ക് ഏറെ കയറിയിറങ്ങേണ്ടിവന്നത് പൊലീസ് യൂണിഫോമിലാണ്. അസി.കമ്മീഷണര്‍ ജോ ഡിസൂസ, സിറ്റി പൊലീസ് കമ്മീഷണര്‍ അഭയ്‌സിങ്, ഇന്‍സ്‌പെക്ടര്‍ ഉദ്ദംസിങ്, ഇന്‍സ്‌പെക്ടര്‍ ഖാന്‍, കമ്മീഷണര്‍ യശ്വന്ത് സിന്‍ഹ, എ.സി.പി അര്‍ജുന്‍ സിങ്, ഇന്‍സ്‌പെക്ടര്‍ പണ്ഡിറ്റ്, കമ്മീഷണര്‍ ഖുരാന, അ.കമ്മീഷണര്‍ എസ്.പിറാവു, സി.ബി.ഐ ഓഫീസര്‍ വിശാല്‍ മാലിക്, സ്‌പെഷല്‍ ഇന്റലിജന്‍സ് സൂപ്രണ്ട് രാത്തോഡ് …വെള്ളിത്തിരയില്‍ താന്‍ ജീവന്‍ നല്‍കിയ ഏത് പൊലീസ് കഥാപാത്രത്തിന് മുന്നിലാണ് ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര ജേതാവായ ഓംപുരി കൈയും കെട്ടി നില്‍ക്കേണ്ടിവരികയെന്ന് അറിയണ്ടേ? അതിന് മുമ്പ് ഒരു കൊമേഴ്‌സ്യല്‍ ബ്രേക്ക്.

chandrika: