ബംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക വിശ്വാസവോട്ടെടുപ്പിന് മൂന്നു മണിക്കൂര്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് ഒരു എം.എല്‍.എ കൂടി നിയമസഭയില്‍ എത്തി. പ്രതാപ് ഗൗഡ പാട്ടീലാണ് അവസാന നിമിഷം സഭയിലെത്തിയത്.
വിധാന്‍സഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും ബി.ജെ.പിയുടെ തടങ്കലില്‍ കഴിയുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന ആനന്ദ് സിങ് ഇതുവരെ എത്തിചേര്‍ന്നിട്ടില്ല. ആനന്ദ് സിങ് ഒഴികെ 220 എം.എല്‍.എമാര്‍ സഭയില്‍ എത്തിയിട്ടുണ്ട്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും നാളെ അടിയന്തര ക്യാബിനറ്റ് ചേര്‍ന്ന് പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിധാന്‍ സൗധ ചേരുന്നതിന് മുമ്പ് യെദ്യൂരപ്പ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംഘത്തില്‍ നിന്ന് വിട്ടു നിന്ന പാട്ടീല്‍ സഭയില്‍ എത്തിയത്. നേരത്തെ പ്രതാപ് ഗൗഡ പാട്ടീല്‍ ബി.ജെ.പി ക്യാമ്പിലേക്ക് പോകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു.
എന്നാല്‍ ആരോപണം തള്ളി ഇന്നലെ തന്നെ പ്രതാപ് ഗൗഡ പാട്ടീല്‍ രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാരോപിച്ച് പാട്ടീല്‍ ബി.ജെ.പിക്കെതിരെ കടന്നാക്രമണവും നടത്തിയിരുന്നു.