X
    Categories: indiaNews

ബംഗാളില്‍ ബി.ജെ.പി 100 കടന്നാല്‍ ജോലി ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് ആവവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപി ബംഗാളില്‍ അധികാരം നേടുകയാണെങ്കില്‍ ഈ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ജോലി നിര്‍ത്തും. ഐ.പി.എ.സി എന്ന തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കെന്നെ കാണാനില്ല പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ താന്‍ പരാജയപ്പെട്ടിട്ടുണ്ട്.

അവിടെ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളില്‍ എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാള്‍ നഷ്ടപ്പെടുകയാണെങ്കില്‍. താന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂലില്‍ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നല്‍കി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതില്‍ അതിശയപ്പെടാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകള്‍ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവേന്ദു അധികാരിയുടെ ശക്തി എന്താണെന്ന് മെയ് രണ്ടിന് അറിയാം. മമത നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: