ന്യൂഡല്‍ഹി: യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. യോഗിയുടെ ഭീകരതയാണ് യുപിയില്‍ നടക്കുന്നതെന്നും അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണ്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
ഹാത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയെ തീവ്രവാദ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ വഞ്ചകന്‍ അഴിച്ചു വിടുന്ന ഭീകരതയാണ്. അയാളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയാണ് ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരുടെ മേല്‍ യുഎപിഎ ചുമത്തുകയായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഓണ്‍ലൈന്‍ പോര്‍ട്ടലാണ് അഴിമുഖത്തിന്റെ പ്രതിനിധിയായാണ് സിദ്ദീഖ് കാപ്പന്‍ ഹാത്രസ് സന്ദര്‍ശിക്കാനെത്തിയത്.