ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷനെ ശിക്ഷിച്ച നടപടി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. പ്രശാന്ത് ഭൂഷണ് അഭിഭാഷകനായി തുടരാന്‍ നിയമപരമായി അര്‍ഹതയുണ്ടോ എന്നതില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ നിയമപരമായ വസ്തുതകള്‍ പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു. പ്രമേയത്തിലൂടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുക, അഭിഭാഷക നിയമത്തിന്റെ പിന്‍ബലത്തില്‍ ചില സാഹചര്യങ്ങളില്‍ ലൈസന്‍സ് പിന്‍വലിക്കുക, സസ്പെന്‍ഡ് ചെയ്യുക തുടങ്ങി തീരുമാനങ്ങള്‍ എടുക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകളാണ്. പ്രശാന്ത് ഭൂഷണ്‍ എന്റോള്‍ ചെയ്തത് ഡല്‍ഹി ബാര്‍ കൗണ്‍സിലിന്റെ കീഴിലാണ്. പ്രശാന്ത് ഭൂഷണെതിരെ നടപടി വേണോ എന്ന കാര്യത്തില്‍ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ തീരുമാനമെടുക്കും.
കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണെ സുപ്രിംകോടതി ശിക്ഷിച്ചത്. ഒരു രൂപ പിഴ അടക്കാനായിരുന്നു നിര്‍ദേശം. പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിക്കുയും ചെയ്തിരുന്നു.