X
    Categories: indiaNews

പൊലീസ് നിയമഭേദഗതി നിര്‍ദയമായ നടപടി; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേരളത്തിലെ പൊലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിര്‍ദയമായ നടപടിയാണെന്നാണ് ഭൂഷണ്‍ ട്വിറ്ററിലൂടെ വിശേഷിപ്പിക്കുന്നത്. ഭിന്നാഭിപ്രായം ഉള്ളവരെ നിശബ്ദരാക്കുന്ന നടപടിയാണെന്നും അദ്ദേഹം കുറിച്ചു.

ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നു. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാന്‍ കഴിയുന്ന കൊഗ്‌നിസിബിള്‍ വകുപ്പാണിത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം.

പൊലീസ് നിയമ ഭേദഗതിക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരവും രംഗത്ത് വന്നിരുന്നു. കേരള സര്‍ക്കാറിന്റെ ഞെട്ടിക്കുന്നതാണെന്നും സീതാറാം യെച്ചൂരി ഇതിനെക്കുറിച്ച് എന്ത് പറയുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് പുതിയ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: