ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വീണ്ടും രംഗത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക ഹെലികോപ്റ്ററില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കന്‍ഹ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതാണ് പ്രശാന്ത് ഭൂഷണ്‍ തെളിവ് സഹിതം പുറത്തുവിട്ടിരിക്കുന്നത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൂറുമാറിയ എംഎല്‍എമാര്‍ക്കെതിരായ കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലിക്കോപ്റ്റല്‍ ചീഫ് ജസ്റ്റിസ് യാത്ര ചെയ്യുന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്റെ നിലനില്‍പ് തന്നെ ഈ കേസിനെ ആശ്രയിച്ചാണെന്നിരിക്കെ ചീഫ് ജസ്റ്റിസ് ഇത്തരത്തില്‍ പെരുമാറുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രശാന്ത് ഭൂഷന്റെ ആരോപണം.
നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചിരുന്നു. ഒരു രൂപ പിഴയടക്കാനായിരുന്നു വിധി. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.