ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡയറക്ടറുടെ ചുമതല നല്‍കിയ നാഗേശ്വര്‍ റാവുവിനെതിരെയും ആരോപണമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തോട് അലോക് വര്‍മ്മ രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. അസ്താനക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന അജയ് ബസിയെ പോര്‍ട്ട് ബഌയറിലേക്ക് മാറ്റിയിരിക്കുകയാണ്. കേസുകള്‍ അട്ടിമറിക്കുകയാണ് അലോക് വര്‍മ്മയുടെ ചുമതല നീക്കിയതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സി.ബി.ഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സി.ബി.ഐ തലപ്പത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെയും നടപടിയുണ്ടായിരുന്നു.