X
    Categories: main stories

നിലപാടില്‍ മാറ്റമില്ല; മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയക്ഷ്യക്കേസില്‍ മാപ്പുപറയില്ലെന്ന നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് സ്വന്തം മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സുപ്രീംകോടതി മൂന്നംഗ ബെഞ്ചില്‍ നല്‍കിയ പ്രസ്താവനയിലാണ് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്.

ആത്മാര്‍ഥമായി പശ്ചാത്തപിച്ചാണ് ക്ഷമ ചോദിക്കേണ്ടത്. ആത്മാര്‍ഥയില്ലാതെ മാപ്പ് ചോദിക്കുന്നത് ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുന്നതിനും എന്റെ മനസാക്ഷിയേയും ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും (സുപ്രീംകോടതി) അവഹേളിക്കുന്നതിനും തുല്യമാകും – പ്രശാന്ത് ഭൂഷണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഭൂഷണ്‍ നിലപാടില്‍ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത്.

കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചിരുന്നു. അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള വിമര്‍ശനത്തിന് എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചിരുന്നു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: