ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി നാളെ ശിക്ഷ വിധിക്കാനിരിക്കെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.
ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണമെന്നാണ് കോടതിയുടെ അടിസ്ഥാന തത്വം. നീതി നടപ്പാക്കാനായില്ലെങ്കില്‍ അവിടെ നീതിയുടെ തകര്‍ച്ച സംഭവിക്കും. ആകാശം ഇടിഞ്ഞു വീഴുകയും ചെയ്യും. അത് സുപ്രിംകോടതി അനുവദിക്കരുത്. ഭരണഘടനയെ വ്യാഖ്യാനിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ജഡ്ജിമാര്‍ എങ്കിലും ബഞ്ചില്‍ വേണം എന്നാണ് ആര്‍ട്ടിക്ള്‍ 145(3) പറയുന്നത്- ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും അടങ്ങുന്ന ബെഞ്ച് കേസില്‍ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ 32 ജസ്റ്റിസുമാരും ഈ കേസില്‍ ഇതാണോ വിധിക്കുകയെന്ന് അറിയണമെന്നും അവര്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്തോ-അമേരിക്കക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിയോജിക്കാനുള്ള അവസരങ്ങളെ കോടതികള്‍ ഇല്ലാതാക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്.