ഡല്‍ഹി: നിരവധി തവണ താന്‍ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും ഹാക്ക് ചെയ്യുന്നത് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌നൂപ്പിങ് സംശയിച്ചിരുന്നു, എന്നാല്‍ ഫോണ്‍ ചോര്‍ത്തുകയാണെന്ന് തിരിച്ചറിഞ്ഞില്ല. 2017 മുതല്‍ 2021 വരെ ഇത് തുടരുകയായിരുന്നു. ഞാന്‍ അഞ്ചുവട്ടം ഫോണ്‍ മാറ്റി. എന്നാല്‍ പുറത്തുവന്ന തെളിവുകള്‍ പോലെ ഫോണ്‍ ചോര്‍ത്തല്‍ തുടര്‍ന്നു’ പ്രശാന്ത് കിഷോര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
നിലവില്‍ പ്രശാന്തിന്റെ കൈയിലുള്ള ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം 2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് പെഗാസസ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടെന്നും പറയുന്നു. എന്നാല്‍ ഈ ഫോണിലേക്ക് പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ വിവരം ഫൊറന്‍സിക് ഫലത്തില്‍ ലഭ്യമാകില്ല.
കാരണം നിലവിലെ ഐ ഫോണില്‍ അന്ന് ഉപയോഗിച്ചിരുന്ന ഫോണില്‍നിന്ന് കൈമാറ്റം ചെയ്ത ബാക്അപ് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാകുക.
ജൂണില്‍ 14 ദിവസവും ജൂലൈയില്‍ 12 ദിവസവും പ്രശാന്തിന്റെ ഫോണില്‍ പെഗാസസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതില്‍ പ്രശാന്ത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ജൂലൈ 13ഉം ഉള്‍പ്പെടുന്നു.