വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ഉള്‍പെട്ട മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, വ്യവസായി മുഹമ്മദ് ഖാലിദ് സൈഫി എന്നിവരാണ് ഭൂഷന്റെയും സല്‍മാന്‍ ഖുര്‍ഷിദിന്റെയും പേരുകള്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.
ഖജുരിയിലെ പ്രതിഷേധസ്ഥലത്ത് വച്ച് ഭൂഷനും ഖുര്‍ഷിദും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഇരുവരും നിയമപരമായി കേസിലെ പ്രതികളല്ലെങ്കിലും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് വഴിതുറക്കാനാണ്് നീക്കമെന്നും ഭാവിയില്‍ 120 (ബി) വകുപ്പ് പ്രകാരം ഇവരെ പ്രതി ചേര്‍ത്തേക്കാമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതികളുടെ അഭിഭാഷകര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ ഇല്ലെന്നും ഇത് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാരിനെയും ബിജെപിയെയും ശക്തമായി വിമര്‍ശിച്ചവരാണ് ഭൂഷനും ഖുര്‍ഷിദും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഇവര്‍ സംസാരിച്ചിരുന്നു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കലാപ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.