ഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെരെയുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനാണ് പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യത്തിന് സ്വമേധയ കേസെടുത്തത്.
അവസാനമായി കേസില്‍ വാദം കേട്ട കോടതി ഭൂഷണോട് പല തവണ മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. ‘മാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? മാപ്പ് ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നം? കുറ്റക്കാരനാണ് എന്നതിന്റെ പ്രതിഫലനമാണോ അത്. മാപ്പ് ഒരു മാന്ത്രികവാക്കാണ്. ഒരുപാട് കാര്യങ്ങള്‍ ഭേദമാക്കുന്ന വാക്ക്. ഞാന്‍ ഇത് പൊതുവായി പറയുകയാണ്. പ്രശാന്തിനെ കുറിച്ചു മാത്രമല്ല. നിങ്ങള്‍ മാപ്പു പറഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ഉയരും. ഗാന്ധിജി അതു ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ അത് ശമിപ്പിക്കണം. അതു കൊണ്ട് ആരും ചെറുതായിപ്പോകില്ല’ വിധി പ്രസ്താവം മാറ്റി വയ്ക്കവെ ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നു.
ശക്തമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ലെങ്കില്‍ ആ സ്ഥാപനം തകര്‍ന്നു പോകുമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിക്ക് ഭൂഷണോട് വിയോജിക്കാം. തങ്ങളുടെ കേസുകളില്‍ പരസ്യപ്രസ്താവം നടത്തുന്നതില്‍ കോടതിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാം. ഭാവിയില്‍ ആവര്‍ത്തിക്കരുത് എന്ന് ഭൂഷണോട് പറയാം. കോടതി ഭൂഷണെ ശിക്ഷിക്കുന്നു എങ്കില്‍ ഒരുവിഭാഗം പറയുന്നത് അദ്ദേഹത്തെ രക്തസാക്ഷിയാക്കി എന്നായിരിക്കും. മറ്റൊരു വിഭാഗം തീരുമാനം ശരിയായി എന്നും പറയും. കോടതിയലക്ഷ്യ നടപടികളില്‍ ആരെയും മാപ്പു പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ധവാന്‍ ആവശ്യപ്പെട്ടിരുന്നു.